മാഹി: യുവതലമുറ ലക്ഷ്യബോധമുള്ളവരാവണമെന്നും ആ ലക്ഷ്യം നേടാൻ ആത്മാർഥ ശ്രമം നടത്തണമെന്നും എം. മുസ്തഫ മാസ്റ്റർ പറഞ്ഞു. മാഹി നെഹ്റു യുവ കേന്ദ്രയുടെയും ആറ്റക്കൂലോത്ത് അർച്ചന കലാസമിതിയുടെയും സംയുക്ത നേതൃത്വത്തിൽ പള്ളൂർ കസ്തൂർബ ഗാന്ധി ഹൈസ്കൂളിൽ സംഘടിപ്പിച്ച ദേശീയ യുവജന വാരാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ധൈര്യവും കരുണയും കൈമുതലാക്കി പ്രതിസന്ധികളെ തരണം ചെയ്തുമുന്നേറി ലക്ഷ്യം നേടാൻ യുവജന സമൂഹത്തിനു പ്രചോദനം നല്കുന്നവയാണ് വിവേകാനന്ദ സന്ദേശങ്ങൾ എന്നദ്ദേഹം കുട്ടികളെ ഓർമ്മിപ്പിച്ചു.
കസ്തൂർബ ഗാന്ധി ഹൈസ്കൂൾ പ്രധാനാധ്യാപകൻ കെ.പി.ഹരീന്ദ്രൻ അധ്യക്ഷത വഹിച്ചു. എൻ. വൈ.കെ.മാഹി പ്രതിനിധി ടി. സായന്ത് , അർച്ചന കലാസമിതി പ്രസിഡണ്ട് കെ.പി.മഹമൂദ് എന്നിവർ ആശംസകൾ നേർന്നു. അർച്ചന കലാസമിതി സെക്രട്ടറി എൻ. മോഹനൻ സ്വാഗതവും സ്കൂൾ ലീഡർ സാവന്ന സന്തോഷ് നന്ദിയും പറഞ്ഞു.