മമ്പറം : മമ്പറം എടപ്പാടിമെട്ട എടപ്പാടി ശ്രീ കളരി ഭഗവതീ ക്ഷേത്രത്തിൽ കരിയടിക്കൽ ചടങ്ങ് 3 ന് വെള്ളിയാഴ്ച നടക്കും. തെയ്യം കഴിഞ്ഞതിന് ശേഷമുള്ള
ആചാരപരമായ ചടങ്ങാണ് കരിയടിക്കൽ . തെയ്യത്തിന് ശേഷം മൂന്നാം നാൾ അഥവാ പിന്നീട് വരുന്ന പ്രത്യേക ദിനങ്ങളിൽ [ ചൊവ്വയോ , വെള്ളിയോ മറ്റോ ]
കരിയടിക്കൽ നടത്തും.
അത്രയും നാൾ, വന്നു കൂടിയ തെയ്യങ്ങൾ കാവുവട്ടത്ത് തന്നെയുണ്ടാവുമത്രെ. അത്രയും ദിവസങ്ങളിൽ അസമയത്ത് ആരും കാവ് കയറരുതെന്നാണ് വിശ്വാസപരമായ വിധി. കരിയടിക്കൽ ദിനം തെയ്യാട്ടത്തിന് ഉപയോഗിച്ച തീക്കനൽക്കരിയും മറ്റും കൊടിനാക്കിലയിൽ വാരി കാവുവട്ടത്തിന് പുറത്തുള്ള ഏതെങ്കിലും പാൽമരച്ചുവട്ടിൽ കൊണ്ടുവെക്കും. കോലക്കാരുടെയും ജന്മാരിയുടെയും സാന്നിദ്ധ്യത്തിലും കാർമ്മികത്വത്തിലും ഭക്തിപൂർവ്വം നടക്കുന്ന കരിയടിക്കലിന് ചിലയിടങ്ങളിൽ ചെറുവാദ്യവുമുണ്ടാകും.
കരിയടിക്കൽ ചടങ്ങിനോടനുബന്ധിച്ച് എടപ്പാടി ശ്രീ കളരി ഭഗവതിക്ഷേത്ര സന്നിധിയിൽ കലശവും പൂജയും നടക്കുമെന്ന് ഉത്സവാഘോഷസമിതി ഭാരവാഹികൾ അറിയിച്ചു.