മാഹി – ചാലക്കര സെൻ്റ് തെരേസാസ് ഹയർ സെക്കണ്ടറി സ്കൂൾ നേഷനൽ സർവ്വീസ് സ്കീം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സപ്തദിന ക്യാമ്പിനു തുടക്കമായി. ‘സുസ്ഥിര വികസനത്തിൽ യുവതലമുറക്കുള്ള പങ്ക് ‘ എന്ന പ്രമേയത്തിനു പ്രാധാന്യം നല്കി സംഘടിപ്പിക്കുന്ന ക്യാമ്പ് എൻ.എസ്.എസ് റീജ്യണൽ കോർഡിനേറ്റർ ഡോ. കെ. ഗിരീഷ് കുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ അമലോർപവം അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസർ ടി.കെ. സുരഭി സപ്ത ദിന ക്യാമ്പ് പരിപാടികൾ വിശദീകരിച്ചു. അൻവത രാജീവ് സ്വാഗതവും പി.പി. അമീഷ നന്ദിയും പറഞ്ഞു.
ക്യാമ്പംഗങ്ങളുടെ വ്യക്തിത്യ വികസനത്തിനും നേതൃപാടവത്തിനും സർഗ്ഗ പ്രവർത്തനങ്ങൾക്കും പ്രാധാന്യം നല്കുന്ന പ്രചോദന ക്ലാസ്സുകളും പ്രഭാഷണങ്ങളും തുടർന്നുള്ള ദിവസങ്ങളിൽ സംഘടിപ്പിക്കും. പരിസര പ്രദേശങ്ങളും പൊതു ഇടങ്ങളും കുട്ടികൾ ശുചിയാക്കും. പ്രദേശത്തെ മുഴുവൻ മുതിർന്ന വ്യക്തികളെയും അവരുടെ വീടുകളിൽ സന്ദർശിച്ച് സൗഹൃദം സ്ഥാപിക്കുന്നത് അടക്കമുള്ള വേറിട്ട പരിപാടികൾ സപ്തദിന ക്യാമ്പിൻ്റെ ഭാഗമായി സംഘടിപ്പിക്കും. മുനിസിപ്പാലിറ്റി ശുചീകരണ തൊഴിലാളികൾക്കൊപ്പം പള്ളൂർ ടൗണിൽ ശുചീകരണം നടത്തിയാണ് സേവന സന്നദ്ധരായ വളണ്ടിയർമാർ സപ്തദിന ക്യാമ്പ് പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചത്.