മാഹി: ഇരുന്നൂറിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന മാഹി ഗവണ്മെന്റ് എൽ. പി. സ്കൂൾ അടച്ചു പൂട്ടാനുള്ള എൻ. ആർ കോൺഗ്രസ് ബി.ജെ.പി. സർക്കാർ നിലപാടിനെതിരെ എസ്. എഫ്. ഐ തലശ്ശേരി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച നിരാഹാര സമരം അഖിലേന്ത്യാ വൈസ് പ്രസിഡന്റ് കെ. അനുശ്രീ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം ആർ. നിവേദ് അധ്യക്ഷത വഹിച്ചു.
നേഴ്സിംഗ് കോളേജിന്റെ പേരിൽ മാഹിയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന എൽ. പി. സ്കൂൾ അടച്ചു പൂട്ടരുതെന്നും നേഴ്സിംഗ് കോളേജിന് മാഹിയിൽ തന്നെ മറ്റൊരു സ്ഥലം കണ്ടെത്തണമെന്നും, സ്വകാര്യവത്കരണം മുഖ്യ അജണ്ടയാക്കി മാറ്റിയ എൻ. ആർ കോൺഗ്രസ് ബി.ജെ.പി. ഗവണ്മെന്റ് ഈ നിലപാട് തിരുത്തണമെന്നും കെ. അനുശ്രീ പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം ശരത്ത് രവീന്ദ്രൻ, ഏരിയ സെക്രട്ടറി ഫവാസ്, മുഹമ്മദ് ജാസിം, കെ. പി അലീഷ എന്നിവർ സംസാരിച്ചു. സ്കൂൾ വിദ്യാർത്ഥികളുടെ രക്ഷിതാക്കളും, വിവിധ സംഘടനാ നേതാക്കളും സമരത്തെ അഭിവാദ്യം ചെയ്തു.