Latest News From Kannur

ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് ബില്‍’ ലോക്സഭയില്‍; ശക്തമായ എതിര്‍പ്പുമായി പ്രതിപക്ഷം

0

ന്യൂഡല്‍ഹി: ‘ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് ബില്‍’ ലോക്സഭയില്‍. 129-ാം ഭരണഘടനാ ഭേദഗതി ഉള്‍പ്പെടെ രണ്ടു ബില്ലുകള്‍ നിയമമന്ത്രി അര്‍ജുന്‍ രാം മേഘ് വാളാണ് സഭയില്‍ അവതരിപ്പിച്ചത്. ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പിനായുള്ള ( ഭരണഘടനാ ഭേദഗതി) ബില്‍, കേന്ദ്രഭരണ പ്രദേശങ്ങളുടെ കാലാവധിയില്‍ മാറ്റം വരുത്തുന്ന ഭേദഗതി ബില്‍ എന്നിവയാണ് കേന്ദ്രമന്ത്രി സഭയില്‍ വെച്ചത്.

ബില്ലിനെ എതിര്‍ക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കല്യാണ്‍ ബാനര്‍ജിയും അറിയിച്ചു. സംസ്ഥാന നിയമസഭകളുടെ സ്വാതന്ത്ര്യം അട്ടിമറിക്കാന്‍ ബില്‍ ശ്രമിക്കുന്നതായി ബാനര്‍ജി പറഞ്ഞു. ഇന്ത്യന്‍ ജനാധിപത്യത്തിനും ഭരണഘടനയ്ക്കും നേര്‍ക്കുള്ള കടന്നാക്രമണമാണ് ബില്ലെന്ന് മുസ്ലിം ലീഗ് അംഗം ഇ. ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു. ബില്ലിനെ എതിര്‍ക്കുമെന്ന് ഡി.എം.കെയും പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം ബില്ലിനെ അനുകൂലിക്കുമെന്ന് തെലുങ്കുദേശം പാര്‍ട്ടി പ്രഖ്യാപിച്ചു. ബില്ലിന്മേല്‍ സമഗ്ര ചര്‍ച്ചകള്‍ക്കായി സംയുക്ത പാര്‍ലമെന്ററി സമിതിയുടെ പരിശോധനയ്ക്ക് വിടാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടേക്കും. ബില്‍ പരിശോധിക്കാനുള്ള സംയുക്ത പാര്‍ലമെന്ററി സമിതിയെ ലോക്സഭ സ്പീക്കറാണ് പ്രഖ്യാപിക്കുക. സമിതി അംഗങ്ങളെ സ്പീക്കര്‍ ഇന്നു തന്നെ തീരുമാനിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബില്ലിനെ കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികള്‍ ബില്ലിനെ എതിര്‍ത്തു. ബില്‍ ഭരണഘടനാ വിരുദ്ധമാണെന്നും, ഫെഡറല്‍ സംവിധാനത്തിന് എതിരായ ബില്‍ അടിയന്തരമായി പിന്‍വലിക്കണമെന്നും കോണ്‍ഗ്രസ് അംഗം മനീഷ് തിവാരി ആവശ്യപ്പെട്ടു. രാജ്യത്തിന്റെ വൈവിധ്യം ഇല്ലാതാക്കുന്നതാണ് ബില്ലെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് ധര്‍മ്മേന്ദ്ര യാദവ് ആരോപിച്ചു. ഏകാധിപത്യത്തിലേക്കുള്ള ചുവടുവെപ്പാണെന്നും അദ്ദേഹം പറഞ്ഞു.

Leave A Reply

Your email address will not be published.