കണക്ക് ബോധിപ്പിച്ച് സര്‍ക്കാര്‍; ദുരന്ത പ്രതികരണനിധിയില്‍ ഉള്ളത് 700 കോടി; വയനാട്ടില്‍ ചെലവിട്ടത് 21 കോടി; കൂടുതല്‍ വ്യക്തതവേണമെന്ന് ഹൈക്കോടതി
കൊച്ചി: സംസ്ഥാന ദുരന്തപ്രതികരണ ഫണ്ടില്‍ ഡിസംബര്‍ പത്തിന് 700 കോടി രൂപയുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇതില്‍ 638 കോടി വിവിധ ആവശ്യങ്ങള്‍ക്കായി നല്‍കാന്‍ ഉത്തരവായതാണെന്നും മിച്ചമുള്ളത് 61.53 കോടി രൂപയാണെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മുലം നല്‍കി. കണക്കില്‍ കൂടുതല്‍ വ്യക്തത വേണമെന്ന്, ഇതിനോടുപ്രതികരിച്ചുകൊണ്ട് ഹൈക്കോടതി പറഞ്ഞു.
വയനാട്ടിലെ ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ച തുക സംബന്ധിച്ച് കൃത്യമായ കണക്ക് നല്‍കാനും സംസ്ഥാന ദുരന്ത പ്രതികരണനിധിയില്‍ എത്ര തുക ബാക്കിയുണ്ടെന്നത് സംബന്ധിച്ച് കൃത്യമായ കണക്ക് വ്യാഴാഴ്ചയ്ക്കകം സമര്‍പ്പിക്കാന്‍ ജസ്റ്റിസുമാരായ എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, സി.പി. മുഹമ്മദ് നിയാസ് എന്നിവരുടെ ബെഞ്ച് സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഇത് സംബന്ധിച്ച് സത്യവാങ്മൂലം നല്‍കിയത്.