Latest News From Kannur

പാനൂരിലെ ബസ് കൂട്ടായ്മ ഒറ്റ ദിവസം കൊണ്ട് സ്വരൂപിച്ചത് 6.75 ലക്ഷത്തോളം ; ജീവനക്കാരെയും, ഉടമകളെയും അഭിനന്ദിച്ച് സബ് കലക്ടർ സന്ദീപ് കുമാർ ഐ.എ.എസ്

0

പാനൂർ : വയനാട്ടിലെ ദുരിത ബാധിതരെ സഹായിക്കാൻ സാന്ത്വന യാത്ര നടത്തി പാനൂരിലെ ബസ് കൂട്ടായ്മ സ്വരൂപിച്ചത് 6,74, 661 രൂപ. തലശേരി സബ് കലക്ടർ സന്ദീപ് കുമാർ ഐ.എ.എസ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി ഏറ്റുവാങ്ങി. പാനൂർ ബസ്സ്റ്റാൻ്റ് കേന്ദ്രീകരിച്ച് സർവീസ് നടത്തുന്ന 50 ബസുകളാണ് സാന്ത്വന യാത്ര നടത്തിയത്. ദുരന്തത്തിൽ പെട്ടുഴലുന്ന വയനാടിന് സാന്ത്വനമേകുക എന്ന ലക്ഷ്യവുമായാണ് പാനൂരിലെ ബസ് കൂട്ടായ്മ തിങ്കളാഴ്ച സർവീസ് നടത്തിയത്. ബസുടമകളും, ജീവനക്കാരും ഒരേ മനസോടെ ഒരുമിച്ചതോടെ പാനൂർ ബസ് സ്റ്റാൻ്റ് കേന്ദ്രീകരിച്ച് സർവീസ് നടത്തുന്ന 50 ബസുകൾ സൗജന്യ യാത്രയുടെ ഭാഗമായി. ബസ് ജീവനക്കാരുടെ നല്ല മനസിന് യാത്രക്കാരും പൂർണ പിന്തുണ പ്രഖ്യാപിച്ചതോടെയാണ് 6,74,661 രൂപ സ്വരൂപിക്കാനായത്. പാനൂരിലെ ബസ് കൂട്ടായ്മ നടത്തിയ സൗജന്യ യാത്രയുടെ ഭാഗമായ ഓരോ ബസ് ജീവനക്കാരെയും ഹൃദയത്തിൻ്റെ ഭാഷയിൽ അഭിനന്ദിക്കുന്നതായി സബ് കലക്ടർ സന്ദീപ് കുമാർ ഐ.എ.എസ് ചെക്ക് ഏറ്റുവാങ്ങിയ ശേഷം പറഞ്ഞു. പാനൂർ നഗരസഭാ കൗൺസിലർ കെ.കെ സുധീർ കുമാർ അധ്യക്ഷനായി. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ കെ.ഇ കുഞ്ഞബ്ദുള്ള, വി. സുരേന്ദ്രൻ, എൻ.ധനഞ്ജയൻ എന്നിവർ സംസാരിച്ചു. കെ.ബിജു സ്വാഗതവും, വി.വിപിൻ നന്ദിയും പറഞ്ഞു.
കഴിഞ്ഞ പ്രളയകാലത്തും ബസ് കൂട്ടായ്മ സൗജന്യ സർവീസ് നടത്തിയിരുന്നു.

Leave A Reply

Your email address will not be published.