Latest News From Kannur

കണ്ണൂര്‍ ജില്ലയില്‍ പരാതികള്‍ മറ്റു ജില്ലകളെ അപേക്ഷിച്ച് കുറവ്- വനിതാ കമ്മീഷന്‍

0

കണ്ണൂര്‍ ജില്ലയില്‍ വനിതാ കമ്മീഷന്റെ മുമ്പില്‍ വരുന്ന പരാതികളുടെ എണ്ണം മറ്റു ജില്ലകളെ അപേക്ഷിച്ച് കുറവാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു.
വാര്‍ഡ് തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജാഗ്രത സമിതികളുടെ സജീവമായ ഇടപെടലുകളിലൂടെ പരാതികള്‍ താഴെ തലത്തില്‍ തന്നെ ജില്ലയില്‍ പരിഹരിക്കുവാന്‍ സാധിക്കുന്നതാണ് ഇതിന് കാരണമെന്നും അധ്യക്ഷ പറഞ്ഞു.

ജാഗ്രത സമിതികള്‍ ശക്തിപ്പെടുത്തുകയാണെങ്കില്‍ കമ്മീഷന്റെ മുമ്പില്‍ വരുന്ന പരാതികള്‍ വേഗത്തില്‍ പരിഹരിക്കാന്‍ സാധിക്കുമെന്നും സിറ്റിംഗിനു ശേഷം അധ്യക്ഷ പറഞ്ഞു.

കളക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ വെള്ളിയാഴ്ച നടന്ന വനിതാ കമ്മീഷന്‍ സിറ്റിംഗില്‍ ആകെ പരിഗണിച്ച 62 പരാതികളില്‍ 14 എണ്ണം തീര്‍പ്പാക്കി. നാല് പരാതികള്‍ പൊലീസിന്റെ റിപ്പോര്‍ട്ടിന് വേണ്ടി അയച്ചു. രണ്ടു പരാതി ജാഗ്രതാ സമിതിയുടെ റിപ്പോര്‍ട്ടിനായി അയച്ചു. 42 പരാതികള്‍ അടുത്ത സിറ്റിംഗില്‍ പരിഗണിക്കും.

കൂടുതല്‍ പരാതികളും ഗാര്‍ഹിക പീഡനങ്ങളുമായി ബന്ധപ്പെട്ടവയാണെന്ന് അധ്യക്ഷ പറഞ്ഞു. ഭാര്യയെ മൃഗീയമായി തല്ലുകയും പീഡനങ്ങള്‍ക്കിരയാക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ ജില്ലയുടെ ചില ഭാഗങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത്തരം സംഭവങ്ങളില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുവാനും കേസ് രജിസ്റ്റര്‍ ചെയ്യുവാനും പൊലീസിനോട് കമ്മീഷന്‍ നിര്‍ദ്ദേശിച്ചതായി അധ്യക്ഷ പറഞ്ഞു.
തൊഴിലിടങ്ങളിലെ പീഡനവുമായ ബന്ധപ്പെട്ട പരാതികളും കമ്മീഷനു മുമ്പാകെ വന്നിട്ടുണ്ടന്നും തൊഴിലിടങ്ങളില്‍ പോഷ് ആക്ട് അനുശാസിക്കും വിധം പരാതി പരിഹാര സംവിധാനം ശക്തിപ്പെടുത്തണമെന്നും സതിദേവി പറഞ്ഞു. പത്തില്‍ കുറഞ്ഞ ജീവനക്കാരോ തൊഴിലാളികളോ ഉള്ള സ്ഥാപനങ്ങളാണെങ്കില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള പ്രാദേശിക തല പരാതി പരിഹാര സംവിധാനമാണ് അതില്‍ ഇടപെടേണ്ടതെന്നും എല്ലാ ജില്ലകളിലും ഇത്തരം സമതികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ജില്ലാ കലക്ടര്‍മാര്‍ ഉറപ്പുവരുത്തണമെന്നും സതീദേവി പറഞ്ഞു.

വനിതാ കമ്മീഷന്‍ അംഗം അഡ്വ. പി. കുഞ്ഞായിഷ, അഭിഭാഷകരായ കെ എം പ്രമീള , ചിത്തിര ശശിധരന്‍, കൗണ്‍സിലര്‍ മാനസ ബാബു, പൊലീസ് ഉദ്യോഗസ്ഥ ടി വി പ്രിയ എന്നിവര്‍ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.