പാനൂർ: നവ മുതലാളിത്തം കൊണ്ടുവന്ന ആഗോളവത്കരണ നയം ജനജീവിതത്തെ ഇന്ന് വരിഞ്ഞുമുറുക്കുമ്പോൾ രാജ്യം അപകടത്തിലാവുമെന്ന് നേരത്തെ തന്നെ പ്രവചിച്ച മഹാനായിരുന്നു എം.പി. വീരേന്ദ്രകുമാറെന്ന് നോവലിസ്റ്റ് കെ.പി.രാമനുണ്ണി അഭിപ്രായപ്പെട്ടു. പാനൂർ പി.ആർ.എം. ഹയർ സെക്കൻഡറി സ്കൂളിൽ ആർ.ജെ.ഡി. കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വീരേന്ദ്രകുമാർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാലാവസ്ഥാ വ്യതിയാനം കാരണം പ്രകൃതിദുരന്തമുണ്ടാകുമ്പോൾ മനുഷ്യനും ഭൂമിയും ഭയചകിതരാവുന്ന ഘട്ടത്തിൽ പരിസ്ഥിതി സംരക്ഷണം അനിവാര്യമാണെന്ന് ഓർമപ്പെടുത്തിയ വീരേന്ദ്രകുമാറിൻ്റെ പോരാട്ടം കാലം എന്നും സ്മരിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുക്തിവാദം കൊണ്ട് വർഗീയതയെ നേരിടാനാവില്ലെന്നും എല്ലാ മതങ്ങളുടെയും മാതാവായ ഹൈന്ദവതയെ ഇപ്പോൾ മക്കളെ കൊല്ലുന്ന മാതാവാക്കി മാറ്റാനാണ് ചിലർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പണം കൊണ്ട് ജനപ്രതിനിധികളെ വിലക്കെടുക്കുന്ന കാലത്ത് സമ്പത്ത് ധാരാളമുണ്ടായിട്ടും സാമൂഹ്യനീതിക്ക് വേണ്ടി പ്രവർത്തിച്ച മികച്ച സമത്വവാദിയായിരുന്നു എം.പി.വീരേന്ദ്രകുമാറെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡൻ്റ് പി.ദിനേശൻ അധ്യക്ഷത വഹിച്ചു. കെ.പി.മോഹനൻ എം.എൽ.എ. അനുസ്മരണ പ്രഭാഷണം നടത്തി.ആർ.ജെ.ഡി.സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.പ്രവീൺ, സെക്രട്ടറി ഉഷ രയരോത്ത്, ജില്ലാ ജനറൽ സെക്രട്ടറി രവീന്ദ്രൻ കുന്നോത്ത്, മഹിളാ ജനതാദൾ സംസ്ഥാന പ്രസിഡൻ്റ ഒ.പി. ഷീജ, മണ്ഡലം പ്രസിഡൻ്റ് ചന്ദ്രിക പതിയൻ്റവിട, യുവജനതാദൾ മണ്ഡലം പ്രസിഡൻ്റ് എം.കെ.രഞ്ജിത്ത്, സി.കെ.ബി.തിലകൻ എന്നിവർ സംസാരിച്ചു.