എടക്കാട്: എടക്കാട് പബ്ലിക് ലൈബ്രറിയുടെ ഒന്നാം വാർഷികാഘോഷവും പുതുതായി ഉണ്ടാക്കിയ ഡിജിറ്റൽ വിഭാഗത്തിൻ്റെ ഉദ്ഘാടനവും നടന്നു. ഞായറാഴ്ച വൈകിട്ട് എടക്കാട് ബസാറിൽ നടന്ന വാർഷികാഘോഷം പ്രശസ്ത സാഹിത്യകാരൻ സുഭാഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വായനയില്ലാത്ത ആൾക്കൂട്ടത്തിൻ്റെ മന:ശാസ്ത്രം ഇരപിടിയൻ ഹിംസ്രജന്തുവിനെ പോലെയാണ്. എന്നാൽ വായനയുള്ളവൻ അങ്ങിനെയല്ല. വായനയുള്ളവരാണ് മഹാന്മാരാവുന്നത്. അവരുടെ വാക്കുകൾക്ക് സമൂഹത്തിൽ ഓളമുണ്ടാക്കാനാവുമെന്ന് സുഭാഷ് ചന്ദ്രൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. സാംസ്കാരസമ്പന്നമായ വ്യക്തിത്വത്തിൽ നിന്ന് ഉയരുന്ന അഭിപ്രായങ്ങൾക്ക് സമൂഹത്തിൽ വലിയ പ്രതികരണം ഉണ്ടാക്കാൻ കഴിയും. അതിനുദാഹരണമാണ് ഈയിടെ മുഖ്യമന്തി പങ്കെടുത്ത പരിപാടിയിൽ എം.ടി പറഞ്ഞപ്പോൾ ഉണ്ടായത്. വായനകൊണ്ട് അവനവന് മാത്രമല്ല, മാനവ സമൂഹത്തിന് ആകെ ഉപകാരപ്പെടുന്ന കാര്യങ്ങൾ ചെയ്യാനാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എഴുത്തുകാരെയും സർഗാത്മക രചന നടത്തുന്നവരെയും ഭരണാധികാരികൾ സംശയത്തോടെയാണ് കാണുന്നത്. അതു കൊണ്ടാണ് അവരെ ആക്രമിക്കുന്നതും വെടിവച്ച് കൊല്ലുന്നതെന്നും സുഭാഷ് ചന്ദ്രൻ പറഞ്ഞു. ഡിജിറ്റൽ ലൈബ്രറി കം കമ്പ്യൂട്ടർ സെൻ്ററിൻ്റെ ഉദ്ഘാടനം സയൻ്റിസ്റ്റും അക്കാദമിഷ്യനുമായ ഡോ: ഖലീൽ ചൊവ്വ നിർവഹിച്ചു. പ്രദേശത്തെ വിവിധ ഗ്രന്ഥാലയ സാരഥികളെയും ലൈബ്രേറിയന്മാരെയും ചടങ്ങിൽ ആദരിച്ചു. കടമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി പ്രേമവല്ലി അധ്യക്ഷത വഹിച്ച പരിപാടിയിൽ വ്യത്യസ്ത പ്രതിഭകൾക്ക് അനുമോദനവും മത്സര വിജയികൾക്ക് സമ്മാനങ്ങളും വിശിഷ്ടാതിഥികൾ സമർപ്പിച്ചു.
ടി.കെ.ഡി മുഴപ്പിലങ്ങാട്, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.വി ജയരാജൻ, ഗ്രാമപഞ്ചായത്ത് മെമ്പർ സി.പി സമീറ, താലൂക്ക് ലൈബ്രറി കൗൺസിൽ മെമ്പർ കെ ശിവദാസൻ മാസ്റ്റർ, പോലീസ് സബ് ഇൻസ്പെക്ടർ ബോസ് കൊച്ചുപുരയിൽ, ഡോ. ഹരികുമാർ ജി എന്നിവർ സംസാരിച്ചു. സതീശൻ മോറായി റിപ്പോർട്ട് അവതരിപ്പിച്ചു. സംഘാടക സമിതി പ്രസിഡൻ്റ് പി പത്മാക്ഷൻ മാസ്റ്റർ സ്വാഗതവും ജനറൽ കൺവീനർ പി അബ്ദുൽകരീം നന്ദിയും പറഞ്ഞു. തുടർന്ന് ഡോ. ഹരികുമാറിൻ്റെ ഹാർമോണിക്ക സംഗീത വിരുന്നും, പ്രകാശൻ കടമ്പൂർ സംവിധാനം ചെയ്ത ‘മത്തായിയുടെ മരണം’ ദ്വിപാത്ര സാമൂഹ്യ ബോധവൽക്കരണ നാടകവും അരങ്ങേറി.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post