Latest News From Kannur

നാട്ടറിവ് – നാട്ടുവൈദ്യ സംരക്ഷണ സാധ്യതകൾ കണ്ടെത്താൻ ഗവേഷണ പഠനം

0

തലശ്ശേരി: കേരളത്തിലെ പരമ്പരാഗത നാട്ടുവൈദ്യമേഖലയെക്കുറിച്ചും വൈദ്യസമൂഹം നേരിടുന്ന പ്രശ്നങ്ങളെയെക്കുറിച്ചും കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്കും മറ്റ് അനുബന്ധ ഏജൻസികൾക്കും റിപ്പോർട്ട് സമർപ്പിക്കുന്നതിനായി ശാന്തിഗ്രാം നേതൃത്വത്തിൽ ഗവേഷണ പഠനം ആരംഭിക്കുന്നു.

പരമ്പരാഗത നാട്ടുവൈദ്യവും നാട്ടറിവുകളും സംരക്ഷിക്കപ്പെടുന്നതിനും പരിപോഷിപ്പിക്കപ്പെടുന്നതിനും ആവശ്യമായ നയരൂപീകരണത്തിന് സഹായകമായ അടിസ്ഥാന പഠന ഗവേഷണ പ്രവർത്തനങ്ങളോ റിപ്പോർട്ടുകളോ കേരളത്തിൽ ലഭ്യമല്ലാത്തതിനാലാണ് സന്നദ്ധ സംഘടനയായ ശാന്തിഗ്രാമിൻ്റെ നേതൃത്വത്തിൽ കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ, വൈദ്യമഹാസഭ, ജനാരോഗ്യ പ്രസ്ഥാനം, മഹാത്മാ ദേശസേവാ ട്രസ്റ്റ്, സമുദ്ര ആയുർവ്വേദ ഗവേഷണ കേന്ദ്രം – വടകര, ഹെറിറ്റേജ് അക്കാഡമി ഓഫ് ട്രെഡീഷണൽ ഹീലിംഗ് & മർമ്മ – തലശ്ശേരി, പരമ്പരാഗത നാട്ടുവൈദ്യ സംഘടനകൾ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ഗവേഷണ പഠനം.

പഠനത്തിൻ്റെ ഭാഗമായി പരമ്പരാഗത നാട്ടറിവ് – നാട്ടുവൈദ്യമേഖലയിൽ പ്രവർത്തിക്കുന്ന വൈദ്യ പ്രതിഭകളുടെ സംസ്ഥാന തല വിവരശേഖരണം തലശ്ശേരി സെയ്ദാർ പള്ളി ഹിമാലയ ഫാർമസി ബിൽഡിംഗിലെ ഹെറിറ്റേജ് അക്കാഡമി ഓഫ് ട്രെഡീഷണൽ ഹീലിംഗ് & മർമ്മയിൽ തലശ്ശേരി മുൻസിപ്പൽ ചെയർപേഴ്സൻ കെ.എം. ജമുനറാണി ടീച്ചർ ഉദ്ഘാടനം നിർവ്വഹിച്ചു.

ലോകപ്രശസ്ത സാമൂഹികാരോഗ്യ ഗവേഷകനും അദ്ധ്യാപകനും പഠന പരിപാടിയുടെ ചീഫ് ഇൻവെസ്റ്റിഗേറ്ററുമായ പ്രൊഫ. ജോ തോമസ് ഗവേഷണ- പഠന പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങളും രീതിശാസ്ത്രവും മുഖ്യ പ്രഭാഷണത്തിൽ വിശദീകരിച്ചു. പഠനസമിതിയുടെ അദ്ധ്യക്ഷൻ പ്രൊഫ. തോമസ് മാത്യു, വൈദ്യമഹാസഭ ദേശീയ സമിതി ചെയർമാൻ മാന്നാർ ജി രാധാകൃഷ്ണൻ വൈദ്യർ, ജനറൽ സെക്രട്ടറി പ്രൊഫ. എ. വിജയൻ, മഹാത്മാ ദേശസേവാ ട്രസ്റ്റ് ചെയർമാൻ വടകര ടി. ശ്രീനിവാസൻ,
ജനാരോഗ്യ പ്രസ്ഥാനം സംസ്ഥാന കൺവീനർ ശ്രീ കെ. വി. സുഗതൻ, ശാന്തിഗ്രാം ഡയറക്ടർ എൽ. പങ്കജാക്ഷൻ, പരമ്പരാഗത നാട്ടു – വൈദ്യ സംഘടനാ നേതാക്കൾ തുടങ്ങിയവർ സംസാരിച്ചു.

നാട്ടുവൈദ്യവും നാട്ടറിവുകളും സംരക്ഷിക്കുന്നതിനുള്ള നയ രൂപീകരണത്തിന് കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് സമർപ്പിക്കാൻ സഹായമായ തരത്തിലാണ് ഈ ഗവേഷണ പഠനവും ആധികാരികരേഖ എന്ന നിലയിൽ റിപ്പോർട്ടും തയ്യാറാക്കപ്പെടുന്നത്.

Leave A Reply

Your email address will not be published.