Latest News From Kannur

ഗവര്‍ണര്‍ വിഡ്ഢിവേഷം കെട്ടുന്നു, പറയുന്നതെല്ലാം കളവ്; കേരളത്തില്‍ ബിജെപിക്ക് ഒരു സീറ്റും കിട്ടില്ല: എംവി ഗോവിന്ദന്‍

0

തിരുവനന്തപുരം: എസ്എഫ്‌ഐക്കാര്‍ കാറിനെ ആക്രമിച്ചു എന്ന് ഗവര്‍ണര്‍ പറയുന്നത് കളവാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. മാധ്യമങ്ങള്‍ പകല്‍വെളിച്ചം പോലെ ഇതെല്ലാം കാണിച്ചപ്പോള്‍ അദ്ദേഹം പറയുന്നത് തെറ്റായിരുന്നുവെന്ന് ആളുകള്‍ക്ക് ബോധ്യമായിട്ടുണ്ട്. സംസ്ഥാനത്തെ തന്നെ ആക്രമിക്കുന്നു എന്ന നില വരുത്തി കേന്ദ്രസര്‍ക്കാരിന്റെ നടപടി ഉണ്ടാകണമെന്ന ലക്ഷ്യത്തോടെയാണ് ഗവര്‍ണര്‍ വിഡ്ഢിവേഷം കെട്ടുന്നതെന്ന് എംവി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു.

ഇതൊന്നും കേരളീയ സമൂഹത്തില്‍ ഏശാന്‍ പോകുന്നില്ല. ന്യായമായിട്ടും സത്യസന്ധമായിട്ടും ശരിയായ രീതിയിലും രാഷ്ട്രീയപ്രവര്‍ത്തനം നടത്തി മുമ്പോട്ടുപോകുന്ന നാടാണ് കേരളം. കേരളത്തില്‍ ഇതുപോലുള്ള തെറ്റായ പ്രവണതയുടെ ഭാഗമായിട്ടുള്ള കാര്യങ്ങളാണ് ഇപ്പോള്‍ ഗവര്‍ണര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അത് എല്ലാവര്‍ക്കും ബോധ്യമായിട്ടുണ്ട്.

ഗവര്‍ണറെ തിരിച്ചു വിളിക്കണമെന്ന ആവശ്യത്തെപ്പറ്റി സിപിഎം ചര്‍ച്ച ചെയ്തിട്ടില്ല. തിരിച്ചുവിളിച്ചു എന്നതു കൊണ്ട് വലിയ ഗുണമൊന്നുമില്ല. എക്‌സ് പോയി വൈ വരും എന്നു മാത്രം. അത് ഇതിനേക്കാള്‍ മൂത്ത ആര്‍എസ്എസ് തന്നെയാകാനാണ് സാധ്യതയെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. ഗവര്‍ണര്‍ ഇപ്പോള്‍ എടുത്തുകൊണ്ടിരിക്കുന്ന നിലപാടുകളുടെ അടിസ്ഥാനത്തില്‍ ആളുകള്‍, ഗവര്‍ണറെ തിരിച്ചു വിളിക്കുക എന്ന ആവശ്യം ചിന്തിക്കുന്നുണ്ട് എന്നത് സത്യമാണ്.എന്നാല്‍ സിപിഎം അതു മുദ്രാവാക്യമായി എടുത്തിട്ടില്ല. ഇനി വേണമെങ്കില്‍ അതേപ്പറ്റി ആലോചിക്കാവുന്നതാണ്. കേന്ദ്രസേന വരുന്നതൊക്കെ ന്യായമായിട്ടുള്ള കാര്യമാണോ?. ഇതൊക്കെ ചെയ്യുന്നത് ബിജെപിയുടെ അജണ്ടയാണ്. കേരളത്തില്‍ 356 ഒന്നും നടക്കാന്‍ പോകുന്നില്ല. അതിന് ഫാസിസം വരണം. അത് ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞശേഷം നമുക്ക് നോക്കാം.

Leave A Reply

Your email address will not be published.