മുഴപ്പിലങ്ങാട് – മാഹി ബൈപ്പാസ് പാതയിൽ പാലം പാലത്തിൻ്റെ പ്രവൃത്തി പൂർത്തിയായി – മാഹി റെയിൽവെ ഓവർ ബ്രിഡ്ജ് പണി അവസാന ഘട്ടത്തിലേക്ക്
മാഹി: അര നൂറ്റാണ്ടിൻ്റെ കാത്തിരിപ്പിന് ശേഷം മുഴപ്പിലങ്ങാട് – മാഹി ബൈപ്പാസ് യാഥാർഥ്യമാവുന്നു. ഇനി പ്രവൃത്തി മുഴുമിപ്പിക്കാനുള്ളത് മാഹി അഴിയൂർ റെയിൽവെ മേൽപ്പാലത്തിൻ്റെ പണിയാണ്. 90% പ്രവൃത്തിയും കഴിഞ്ഞതായി നിർമ്മാണക്കമ്പനി അധികൃതർ അറിയിച്ചു. പാലത്തിന് മുകളിൽ സ്ലാബുകളുടെ കോൺക്രീറ്റിംങ്ങ് നടന്നു കൊണ്ടിരിക്കുകയാണ് – തുടർന്ന് എക്സ്പേൻഷൻ കൂട്ടി യോജിപ്പിക്കണം – തുടർന്ന് ടാറിങ്ങാണ് – ഫിബ്രവരി 10 നുള്ളിൽ മാഹി റെയിൽപ്പാലം പണിയും പൂർത്തിയാവും
സ്പീപീക്കറും ഹൈവെ ഉദ്യോഗസ്ഥരും പുതിയ പാതയിൽ സഞ്ചരിച്ചു. ഇന്നലെ (ഞായറാഴ്ച്ച) കേരള നിയമ സഭാ സ്പീക്കർ എ.എൻ.ഷംസീർ, നാഷണൽ ഹൈവേ ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘം മുഴപ്പിലങ്ങാട് മുതൽ മാഹി റെയിൽവെപ്പാലം വരെ പുതിയ പാതയിൽ വാഹനത്തിൽ സഞ്ചരിച്ച് പ്രവൃത്തികൾ വിലയിരുത്തി.ഈ പാതയിൽ ചില ഇടങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് ഗതാഗതം നിരോധിച്ചിരുന്നു – ഇതെല്ലാം തത്ക്കാലം നീക്കം ചെയ്താണ് സ്പീക്കറും സംഘവും പാതയിലൂടെ സഞ്ചരിച്ചത്.
തിരുവനന്തപുരം ജില്ലയിലെ മുക്കോല-കാരോട് ബൈപ്പാസ് പ്രവൃത്തിയും ഇതോടൊപ്പം പൂർത്തിയായിട്ടുണ്ട്. മാഹി ബൈപ്പാസ്, കാരോട് ബൈപ്പാസ് പാതകൾ ഒരേ ദിവസം ഗതാഗതത്തിന് തുറന്നു കൊടുത്തേക്കുമെന്നാണ് സൂചന – പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും അറിയിപ്പ് വരേണ്ടതുണ്ട്- പ്രധാനമന്ത്രിയുടെ കേരളത്തിലേക്കുള്ള മൂന്നാമത്തെ വരവിന് ഉദ്ഘാടനം ചെയ്യപ്പെട്ടേക്കുമെന്ന് സൂചനയുണ്ട്. സൈൻ ബോർഡുകൾ സ്ഥാപിച്ചു കഴിഞ്ഞു. പാതയിൽ തെരുവുവിളക്കുകൾ സ്ഥാപിച്ചിട്ടുള്ളത് കൊളശ്ശേരിക്കും, പാലത്തിനും ഇടയിൽ ടോൾ പ്ലാസയിലാണ്. 80 ലൈറ്റുകൾ ഇരു ഭാഗത്തുമായി പ്രകാശിപ്പിച്ചു. അടിപ്പാതകളിലും ലൈറ്റുകൾ പ്രകാശിപ്പിച്ചു. പാത ഒട്ടാകെ തെരുവു വിളക്കുകൾ സ്ഥാപിച്ചിട്ടില്ല. അത് അവസാന ഘട്ടത്തിൽ നടത്തുമെന്നാണ് സൂചന.ഇ കെ.കെ. കമ്പനിയുടെ കരാറിൽ വൈദ്യുതീകരണമില്ല സർവ്വീസ് റോഡുകൾ, അടിപ്പാതകൾ, പെയിൻറിങ്ങ് , മിഡിയൻ നിർമ്മാണം, ക്രാഷ് ബാരിയർ എന്നിവയെല്ലാം പണിതു കഴിഞ്ഞു.ഈസ്റ്റ് പള്ളൂരിൽ സിഗ്നൽ ലൈറ്റുകൾ കെൽട്രോൺ കമ്പനിയാണ് പ്രവൃത്തി നടത്തിയത്. പ്രവൃത്തി മുഴുമിപ്പിക്കേണ്ട രണ്ടിടങ്ങളിലും മിഷിനറി വർക്കാണ് കൂടുതലുള്ളത്. മുഴപ്പിലങ്ങാട് ടോൾ ബുത്തിന് സമീപത്ത് നിന്ന് തുടങ്ങി മാഹി അഴിയൂർ ഗവ.എച്ച്.എസ്. എസ്. സ്കൂൾ വരെ യാണ് പാതയുടെ നീളം. ഭൂമി ഏറ്റെടുക്കൽ കോടതി കയറി ഇറങ്ങിയതാണ് ഈ പാത യാഥാർഥ്യമാവാൻ അരനൂറ്റാണ്ടോളം വൈകിയത്. മാഹി, തലശ്ശേരി പട്ടണങ്ങളിൽ പ്രവേശിക്കാതെ മുഴപ്പിലങ്ങാട് ഭാഗത്ത് നിന്ന് കോഴിക്കോട് ജില്ലയിലെ അഴിയൂരിൽ 20 മിനുട്ട് കൊണ്ട് വാഹനങ്ങൾക്ക് എത്തിച്ചേരാം. മറ്റൊരു സൗകര്യം തലശ്ശേരി, മാഹി പട്ടണങ്ങളിലെ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കിൽ പ്പെടാതെ ഈ 6 വരി പാതയിലൂടെ സഞ്ചരിക്കാം. ഭൂമി ഏറ്റെടുക്കലടക്കം 1181 കോടി രൂപയാണ് മതിപ്പ് ചിലവ് പ്രതീക്ഷിക്കുന്നത്. എറണാകുളം പെരുമ്പാവൂരിലെ ഇ.കെ.കെ. കമ്പനിക്കാണ് ഇതിൻ്റെ നിർമ്മാണച്ചുമതല – 2021 ലായിരുന്നു പാത ഗതാഗതത്തിന് തുറന്നുകൊടുക്കേണ്ടിയിരുന്നത്.പ്രളയം, കോവിഡ് എന്നീ കാരണങ്ങളാൽ പ്രവൃത്തി പൂർത്തീകരിക്കാൻ രണ്ട് വർഷം കൂടി നീണ്ടുപോയി. 2018 ഒക്ടോബറിലാണ് പണി ആരംഭിച്ചത്.ദേശീയ പാതാ വിഭാഗവും, കേരള പൊതുമരാമത്ത് വകുപ്പ് അധികൃതരും ഉടനടി പാത ഗതാഗതത്തിന് തുറന്നു കൊടുക്കുവാൻ പ്രയത്നിക്കുകയാണ്.