Latest News From Kannur

കോഴിക്കോട് ജില്ലയിൽ മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ രണ്ടാംഘട്ടം വൻകിട മാലിന്യ ഉൽപാദന കേന്ദ്രങ്ങളിൽ ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധന

0

കോഴിക്കോട് :മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ നിർദ്ദേശപ്രകാരം കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ വൻകിട മാലിന്യ ഉൽപാദന കേന്ദ്രങ്ങളിൽ ജില്ല ശുചിത്വ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തി. പ്രതിദിനം 100 kg കൂടുതൽ മാലിന്യം ഉൽപാദിപ്പിക്കുന്ന 648 സ്ഥാപനങ്ങൾ ആണ് കോർപ്പറേഷൻ പരിധിയിൽ വരുന്നത്. അതിൽ 245 സ്ഥാപനങ്ങളിലും സർക്കാർ നിർദ്ദേശിക്കുന്ന രീതിയിലുള്ള മാലിന്യ സംസ്കരണ സംവിധാനങ്ങൾ നിലവിലില്ല. മലിനജലം സംസ്കരിക്കുന്നതിന് സിവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, ജൈവ മാലിന്യം സംസ്കരിക്കുന്നതിനുള്ള സംവിധാനം എന്നിവ ഒരുക്കാനുള്ള സമയപരിധി ജനുവരി 26 ന് അവസാനിക്കുന്നതിന്റെ മുന്നോടിയായി ആണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. പരിശോധനയിൽ മലിനജലം പൊതു ഓടയിലേക്ക് ഒഴുക്കി വിടുന്ന ശ്രദ്ധയിൽപ്പെട്ട ലിബർട്ടി ഹോട്ടൽ, ടോപ് ഫോം ഹോട്ടൽ എന്നീ സ്ഥാപനങ്ങൾക്ക് ന്യൂനത നോട്ടീസ് നൽകി. അഴകൊടി ദേവീക്ഷേത്രം കല്യാണമണ്ഡപം, RP മാൾ, റാബിസ് ഹോട്ടൽ, ഹോട്ടൽ സാഗർ, ലിബർട്ടി ഹോട്ടൽ, ടോപ് ഫോം ഹോട്ടൽ, മറിയ ബാർ, യാഷ് ഇന്റർനാഷണൽ സ്ഥാപനങ്ങളിൽ പരിശോധന നടത്തി. വൻകിട മാലിന്യ ഉത്പാദകരായുള്ള സ്ഥാപനങ്ങൾക്ക് ലൈസൻസ് പുതുക്കുന്നതിനു മുന്നോടിയായി യൂസ്ർഫീ ഇനത്തിൽ കുടിശ്ശിക ഇല്ലെന്നും കൃത്യമായി മാലിന്യ സംസ്കരണ സംവിധാനം ഉണ്ടാകണമെന്നുമുള്ള സർക്കാർ നിർദ്ദേശം മാലിന്യ ഉത്പാദകർക്ക് നേരിട്ട് നൽകി. പരിശോധന നടത്തിയ സ്ഥാപനങ്ങളിൽ സിവേജ് ട്രീറ്റ്മെന്റ് പ്ലാന്റുമായി ബന്ധപ്പെട്ട കണ്ടെത്തിയ അപാകതകൾ ഒരാഴ്ചയ്ക്കകം പരിഹരിച്ച് റിപ്പോർട്ട് നൽകാൻ കോർപ്പറേഷൻ ഉദ്യോഗസ്ഥർക്ക് ചുമതല നൽകി. ഇക്കാര്യത്തിൽ തുടർ പരിശോധനയും മോണിറ്ററിങ്ങും ഉണ്ടാവുന്നതാണ്. പരിശോധനയിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് ഇന്റേണൽ വിജിലൻസ് ഓഫീസർ ടി ഷാഹുൽഹമീദ്, ജില്ലാ വേസ്റ്റ് മാനേജ്മെന്റ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ജൂനിയർ സൂപ്രണ്ട് എ അനിൽകുമാർ, കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ ബിജു ജയറാം,ശുചിത്വ മിഷൻ യങ് പ്രൊഫഷണൽ സൂര്യ എന്നിവർ പങ്കെടുത്തു.

Leave A Reply

Your email address will not be published.