Latest News From Kannur

ഹൃദയം നുറുങ്ങി അവര്‍ സാറയ്ക്കു വിട ചൊല്ലി; കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

0

കല്‍പ്പറ്റ: കുസാറ്റ് ദുരന്തത്തില്‍ മരിച്ച കോഴിക്കോട് താമരശ്ശേരി സ്വദേശിനി സാറാ തോമസ് (20) ഇനി ജ്വലിക്കുന്ന ഓര്‍മ്മ. സാറയ്ക്ക് ജന്മനാട് കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി നല്‍കി. ഈങ്ങാപ്പുഴ സെയ്ന്റ് ജോർജസ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിലായിരുന്നു സംസ്കാരം.

സാറയുടെ മാതാപിതാക്കൾ, സഹോദരിമാർ, അടുത്ത ബന്ധുക്കൾ, നാട്ടുകാർ തുടങ്ങി നിരവധി പേരാണ് സെമിത്തേരിയിൽ സാറയ്ക്ക് അന്തിമോപചാരം അർപ്പിക്കാനെത്തിയത്. രാവിലെ വീട്ടിലെ പ്രാർത്ഥനാ ശുശ്രൂഷകൾ പൂർത്തിയാക്കിയ ശേഷം വിലാപയാത്രയായാണ് മൃതദേഹം പള്ളിയിലേക്ക് എത്തിച്ചത്.വീട്ടിലും സ്കൂളിലും പൊതു ദർശനത്തിന് വെച്ചപ്പോൾ അന്ത്യോപചാരം അർപ്പിക്കാൻ കഴിയാത്തവർക്കായി ഒരു നോക്കു കാണാൻ പള്ളിയിലും പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയിരുന്നു.

താമരശ്ശേരി കോരങ്ങാട് സെയ്ന്റ് അൽഫോൻസാ ഹയർസെക്കൻഡറി സ്കൂളിൽ പൊതുദർശനത്തിന് വെച്ചപ്പോൾ നൂറുകണക്കിന് പേരാണ് സാറ തോമസിനെ അവസാനമായി ഒരുനോക്ക് കാണാൻ എത്തിയത്. പൂർവകാല വിദ്യാർത്ഥിയെ അവസാനമായി കണ്ട് ആദരമർപ്പിക്കാൻ സ്കൂളിലെ വിദ്യാർത്ഥികൾ പുഷ്പങ്ങളുമായെത്തി.കുസാറ്റിൽ ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ മൂന്നാം സെമസ്റ്റർ വിദ്യാർഥിനിയായ സാറാ തോമസ് കോരങ്ങാട് തൂവക്കുന്നുമ്മൽ വയലപ്പള്ളിൽ തോമസ് സ്കറിയുടെയും കൊച്ചുറാണിയുടെയും മകളാണ്. സാറയ്ക്ക് രണ്ടു സഹോദരമാരാണുള്ളത്.

കാമ്പസിലെ ടെക് ഫെസ്റ്റിനിടെയുണ്ടായ തിരക്കിലും തിരക്കിലും പെട്ടാണ്  സാറ തോമസ് അടക്കം നാലുപേര്‍ മരിച്ചത്. ദുരന്തത്തിൽ മരിച്ച ആൻ റുഫ്തയുടെ മൃതദേഹം നാളെ സംസ്കരിക്കും.

Leave A Reply

Your email address will not be published.