കണ്ണൂർ : വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ പൊതുജനങ്ങൾക്ക് സൗകര്യപ്രദമായി പൊതുജനസേവന കേന്ദ്രങ്ങള്‍ വഴി (അക്ഷയ) ഓണ്‍ലൈനായി ലഭ്യമാക്കുന്ന ഇ-ഡിസ്ട്രിക്റ്റ് പദ്ധതിയില്‍ മികച്ച പ്രകടനവുമായി കണ്ണൂര്‍ ജില്ല. സംസ്ഥാനത്ത് തെറ്റുകളില്ലാതെ ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ സ്വീകരിച്ച ജില്ലയാണ് കണ്ണൂര്‍. റവന്യൂ വകുപ്പില്‍നിന്ന് പൊതുജങ്ങള്‍ക്കുള്ള 21ഓളം വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ ഇ-ഡിസ്ട്രിക്റ്റ് പോര്‍ട്ടല്‍ വഴിയാണ് നല്‍കുന്നത്. കേരള സ്റ്റേറ്റ് ഐ ടി മിഷന്റെ അവലോകന റിപ്പോർട്ട് പ്രകാരം സെപ്തംബറില്‍ വിവിധ കാരണങ്ങളാല്‍ മറ്റു ജില്ലകളില്‍ നിന്നു 15 ശതമാനത്തോളം അപേക്ഷകള്‍ തിരിച്ചയച്ചപ്പോള്‍ കണ്ണൂരില്‍ 7.96 ശതമാനം മാത്രമേ അപൂര്‍ണമായതിനാല്‍ തിരിച്ചയച്ചുള്ളു എന്നാണ് കണക്ക് . ഇ-ഡിസ്ട്രിക്ട് പദ്ധതിയുമായി ബന്ധപ്പെട്ട് റവന്യൂ ഉദ്യോഗസ്ഥര്‍, അക്ഷയ സംരംഭകര്‍ എന്നിവരെ ഇള്‍പ്പെടുത്തി ജില്ലയിലെ മുഴുവന്‍ താലൂക്കിലും ശില്‍പ്പശാല നടത്തിയിരുന്നു. സര്‍ട്ടിഫിക്കറ്റുകള്‍ സമയബന്ധിതമായി പൊതുജനങ്ങള്‍ക്ക് നല്‍കാന്‍ റവന്യൂ ഉദ്യോഗസ്ഥരും മികച്ച രീതിയില്‍ ഇടപെട്ടു. പൊതുജനങ്ങളെ കാര്യങ്ങള്‍ ധരിപ്പിച്ച് അനുബന്ധ രേഖകള്‍ സഹിതം കൃത്യമായി അക്ഷയ കേന്ദ്രങ്ങള്‍ അപേക്ഷ സ്വീകരിച്ചതും ഈ നേട്ടത്തിന് കാരണമായി. കേരള സ്റ്റേറ്റ് ഐ ടി മിഷന്‍, എന്‍ ഐ സി, റവന്യൂ വകുപ്പ് എന്നിവയുടെ മികച്ച ഏകോപനമാണ് ഇത്തരത്തില്‍ മികച്ച പ്രകടനം സംസ്ഥാന തലത്തില്‍ കാഴ്ചവെക്കാന്‍ കണ്ണൂര്‍ ജില്ലയെ പ്രാപ്തമാക്കിയതെന്ന് കേരള സ്റ്റേറ്റ് ഐ ടി മിഷന്‍ ജില്ലാ പ്രോജെക്ട് മാനേജര്‍ സി എം മിഥുന്‍ കൃഷ്ണ അറിയിച്ചു.