Latest News From Kannur

‘സ്ത്രീശക്തി: സ്ത്രീ സമൂഹവും സൈബര്‍ ലോകവും’ ജില്ലാ സെമിനാര്‍ നടത്തി

0

 തിരുവനന്തപുരം: പെണ്‍കുട്ടികളെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കേണ്ടതിന്റെ ഉത്തരവാദിത്തം രക്ഷിതാക്കള്‍ക്ക്: അഡ്വ. പി. സതീദേവി

പെണ്‍കുട്ടികളെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കേണ്ടതിന്റെ ഉത്തരവാദിത്വം രക്ഷിതാക്കള്‍ക്കാണെന്ന് കേരള വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. വനിതാ കമ്മിഷനും തൂണേരി ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി തൂണേരി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ‘സ്ത്രീശക്തി: സ്ത്രീ സമൂഹവും സൈബര്‍ ലോകവും’ ജില്ലാ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വനിത കമ്മിഷന്‍ അധ്യക്ഷ.
ഇന്ന് സമൂഹത്തില്‍ കാണുന്ന പല തരത്തിലുള്ള സ്ത്രീവിവേചനങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും കാരണം സ്ത്രീയെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തയാക്കാത്തതാണെന്ന് വനിത കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു. സ്ത്രീപീഡനങ്ങളും വധൂദഹനങ്ങളും വര്‍ധിക്കാന്‍ കാരണം സമൂഹത്തില്‍ നിലനില്‍ക്കുന്ന സ്ത്രീവിരുദ്ധ സമീപനമാണ്. ആണ്‍കുട്ടികള്‍ക്ക് വിവാഹം കഴിക്കാന്‍ ജോലിയുണ്ടാകട്ടെ എന്ന കാഴ്ച്ചപ്പാടുള്ളത് പോലെ പെണ്‍കുട്ടിക്കും വിവാഹം കഴിക്കാന്‍ ജോലിയുണ്ടാകട്ടെ എന്ന വീക്ഷണം ഉയര്‍ന്നു വരണം. എന്നാല്‍, മാത്രമേ സ്ത്രീയുടെ സാമൂഹിക പദവി മെച്ചപ്പെടുകയുള്ളൂ.
സ്വന്തം ജീവിതത്തിലെ തീരുമാനം തെരഞ്ഞെടുക്കാനുള്ള ഉത്തരവാദിത്തം തനിക്കു തന്നെയാണ് എന്ന തിരിച്ചറിവ് സമൂഹത്തിലെ കുട്ടികള്‍ക്ക് ഉണ്ടാക്കിക്കൊടുക്കണം. ഈ തിരിച്ചറിവ് ഇന്നത്തെ കാലഘട്ടത്തില്‍ അനിവാര്യമാണ്. സ്ത്രീ പുരുഷ സമത്വം വീടിന്റെ അകത്തളങ്ങളിലുണ്ടാക്കണമെന്നും ഡിജിറ്റല്‍ അറിവ് ഉണ്ടാകുന്നതോടൊപ്പം ചതിക്കുഴികളെ കുറിച്ച് തിരിച്ചറിവുകളുണ്ടാകണമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു.
തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. വനജ അധ്യക്ഷത വഹിച്ചു. സൈബര്‍ പോലീസ് സെല്ലിലെ സത്യന്‍ കാരയാട് ക്ലാസെടുത്തു. വളയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീഷ്, വാണിമേല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സുരയ്യ ടീച്ചര്‍, പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.കെ. ജ്യോതിലക്ഷ്മി, എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. പത്മിനി ടീച്ചര്‍, തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഷാഹിന, തൂണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. അരവിന്ദാക്ഷന്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ രജീന്ദ്രന്‍ കപ്പള്ളി, കെ.കെ. ഇന്ദിര, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി. ജിമേഷ് മാസ്റ്റര്‍, ബ്ലോക്ക് സെക്രട്ടറി ദേവികരാജ്, സിഡിപിഒ പ്രഷീദ എന്നിവര്‍ സംസാരിച്ചു.

ഫോട്ടോ അടിക്കുറിപ്പ്-കെഡബ്ല്യുസി സെമിനാര്‍-
വനിതാ കമ്മിഷനും തൂണേരി ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി തൂണേരി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ‘സ്ത്രീശക്തി: സ്ത്രീ സമൂഹവും സൈബര്‍ ലോകവും’ ജില്ലാ സെമിനാര്‍ ഉദ്ഘാടനം കേരള വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി നിര്‍വഹിക്കുന്നു.

Leave A Reply

Your email address will not be published.