നിപ പ്രതിരോധം: ഐസൊലേഷനിലുള്ളവരും കണ്ടെയ്ന്‍മെന്റ് സോണിലുള്ളവരും ഇ-സഞ്ജീവനി സംവിധാനം പ്രയോജനപ്പെടുത്തണം
കോഴിക്കോട് :ഐസൊലേഷനിലുള്ളവരും കണ്ടെയ്ന്‍മെന്റ് സോണിലുള്ളവരും ഇ-സഞ്ജീവനി സംവിധാനം പ്രയോജനപ്പെടുത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ സഞ്ജീവനി ശക്തിപ്പെടുത്തി പ്രത്യേക നിപ ഒപി ആരംഭിച്ചിട്ടുണ്ട്. രാവിലെ 8 മുതല്‍ വൈകുന്നേരം 5 വരെയാണ് ഇ സഞ്ജീവനി നിപ ഒപി സേവനം ലഭ്യമാകുക. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പെട്ടിട്ടുള്ളവരും കണ്ടെയ്ന്‍മെന്റ് സോണിലുള്ളവരും സാധാരണ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇ സഞ്ജീവനി സംവിധാനം പ്രയോജനപ്പെടുത്താവുന്നതാണ്. നിപയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും ഈ സംവിധാനം ഉപയോഗിക്കാം.
ആശുപത്രി സന്ദര്‍ശനം ഒഴിവാക്കി വീട്ടില്‍ ഇരുന്നുകൊണ്ടുതന്നെ ചികിത്സ തേടാന്‍ കഴിയുന്ന സംവിധാനമാണ് ഇ സഞ്ജീവനി പ്ലാറ്റ്ഫോമില്‍ ഒരുക്കിയിരിക്കുന്നത്. സാധാരണ ഒപിക്ക് പുറമേ എല്ലാ ദിവസവും സ്പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്. സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഒ.പി സേവനങ്ങള്‍ ഇ സഞ്ജീവനി ടെലിമെഡിസിന്‍ പ്ലാറ്റ്ഫോമില്‍ ലഭ്യമാണ്. ഇതുകൂടാതെ ഇ സഞ്ജീവനി ടെലിമെഡിസിന്‍ പ്ലാറ്റ്ഫോമിലൂടെ ത്രിതല ഹബ്ബ് ആന്റ് സ്പോക്ക് സംവിധാനം വഴി ഡോക്ടര്‍ ടു ഡോക്ടര്‍ സേവനവും ലഭ്യമാണ്. പൊതുജനങ്ങള്‍ക്ക് ഇതിലൂടെ മെഡിക്കല്‍ കോളേജുകളില്‍ പോകാതെ തന്നെ തൊട്ടടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും എല്ലാ സൂപ്പര്‍ സ്‌പെഷ്യലിറ്റി സേവനങ്ങളും ലഭ്യമാക്കാന്‍ കഴിയുന്നു.