Latest News From Kannur

ഒച്ച് ശല്ല്യം കൂടുന്നു

0

പാനൂർ:പന്ന്യന്നൂർ പഞ്ചായത്തിലെ ആറാം വാർഡിൽ ആഫ്രിക്കൻ ഒച്ചിൻ്റെ ശല്യത്തിൽ വലഞ്ഞ് നാട്ടുകാർ. രണ്ടു ദിവസത്തിനിടെ 1500 ഓളം ആഫ്രിക്കൻ ഒച്ചുകളെയാണ് നാട്ടുകാർ പിടികൂടി നശിപ്പിച്ചത്.
കണ്ടാൽ തന്നെ അറപ്പുളവാക്കും വിധമാണ് ആഫ്രിക്കൻ ഒച്ചുകൾ പെറ്റുപെരുകുന്നത്. ഒന്നും രണ്ടുമല്ല ആയിരക്കണക്കിന് ചെറുതും വലുതുമായ ആഫ്രിക്കൻ ഒച്ചുകളാണ് ആറാം വാർഡിൽ ഋഷിക്കര ഭാഗത്തുള്ളത്. ഏഴാം വാർഡിൻ്റെ ചില ഭാഗങ്ങളിലും ഇപ്പോൾ ഒച്ച് ശല്യം വ്യാപിച്ചിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.
രാത്രി കാലത്താണ് ഇവയെ കൂടുതലായും കാണുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ആയിരത്തഞ്ഞൂറോളം ഒച്ചുകളെ പ്രദേശത്തെ യുവാക്കൾ സംഘടിച്ച് നശിപ്പിച്ചു കളഞ്ഞു. പ്രദേശവാസികളായ ഒടക്കാത്ത് സന്തോഷ്, പയറ്റാട്ടിൽ രഞ്ജിത്ത്, വിനീഷ്, പറമ്പത്ത് സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്. ഉപ്പു വിതറിയും, ഉപ്പുവെള്ളം തളിച്ചുമാണ് ഇവയെ നശിപ്പിക്കുന്നത്. വീടിൻ്റെ അകത്തും, അടുക്കളയിലുമെല്ലാം ഇവ എത്തുന്നത് വല്ലാത്ത ദുരിതമാണ് സമ്മാനിക്കുന്നതെന്ന് വീട്ടമ്മമാരും പറയുന്നു. കൃഷിയെല്ലാം വ്യാപകമായി നശിപ്പിക്കപ്പെടുകയാണ്. ആഫ്രിക്കൻ ഒച്ച് വിഷയത്തിൽ പഞ്ചായത്തധികാരികൾ സത്വര നടപടികൾ സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം

Leave A Reply

Your email address will not be published.