Latest News From Kannur

വൈദ്യുതി പ്രതിസന്ധി: കരാര്‍ റദ്ദാക്കിയത് സര്‍ക്കാരല്ലെന്ന് മുഖ്യമന്ത്രി; സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷം

0

തിരുവനന്തപുരം: വൈദ്യുതി കരാര്‍ റദ്ദാക്കിയതില്‍ സര്‍ക്കാരിന് പങ്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റെഗുലേറ്ററി കമ്മീഷന്‍ ആണ്  കരാര്‍ റദ്ദാക്കിയത്. സര്‍ക്കാര്‍ താത്പര്യങ്ങള്‍ക്ക് തീര്‍ത്തും വിരുദ്ധമായാണ് കമ്മീഷന്‍ നടപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളുടെ മേല്‍ അമിതഭാരം വരാന്‍ പാടില്ലെന്നു തന്നെയാണ് സര്‍ക്കാരിന്റെ നിലപാട്. സര്‍ക്കാര്‍ അല്ല കരാര്‍ റദ്ദാക്കാനുള്ള തീരുമാനമെടുത്തത്. മുമ്പും ഈ വിഷയം മന്ത്രിസഭയുടെ മുന്നില്‍ വന്നതാണ്. ചില വിയോജിപ്പുകള്‍ ഉണ്ടായിരുന്നെങ്കിലും, കരാര്‍ നടപ്പായ സാഹചര്യത്തില്‍ അതു റദ്ദു ചെയ്യാനിടയായാല്‍ ഉണ്ടാകുന്ന ഭവിഷ്യത്ത് ഓര്‍ത്താണ് അതു തുടര്‍ന്നു പോകാന്‍ നേരത്തെ തീരുമാനിച്ചത്.

അതു കഴിഞ്ഞ ടേമിലാണ്. റെഗുലേറ്ററി അതോറിട്ടിയുടെ മുന്നില്‍ വന്നപ്പോഴാണ് അതു റദ്ദു ചെയ്യപ്പെടുന്നത്. അതു സംസ്ഥാന താല്‍പ്പര്യത്തിന് തീര്‍ത്തും വിരുദ്ധമാണ്. അത് എങ്ങനെ മറികടക്കാമെന്നാണ് സര്‍ക്കാര്‍ ആലോചിച്ചു കൊണ്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, അമിത നിരക്കില്‍ വൈദ്യുതി വാങ്ങുന്നത് സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആവശ്യപ്പെട്ടു. ദീര്‍ഘകാല കരാര്‍ റദ്ദാക്കിയതില്‍ സിബിഐ അന്വേഷണം വേണം.  കരാര്‍ റദ്ദാക്കിയത് കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍ നേതാവ് ഉള്‍പ്പെടുന്ന റെഗുലേറ്ററി കമ്മീഷന്‍ ആണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. വളരെ ലാഭകരമായിരുന്ന ഒരു കരാര്‍ റദ്ദാക്കി, വളരെ വില കൂടിയ ഒരു കരാറിലേക്ക് പോകേണ്ട സ്ഥിതിയിലേക്ക് കെഎസ്ഇബി എത്തിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. പുതിയ കരാറില്‍ ഏര്‍പ്പെടുമ്പോള്‍ ബോര്‍ഡിന് ഉണ്ടാകുന്ന ഭീമമായ നഷ്ടം ഉപഭോക്താക്കളില്‍ നിന്നും സര്‍ചാര്‍ജ് ആയി ഈടാക്കാനാണ് ശ്രമിക്കുന്നത്. ഒരു പ്രാവശ്യം വൈദ്യുതി ചാര്‍ജ് കൂട്ടിയിട്ട് നില്‍ക്കുന്ന സാഹചര്യമാണ്. സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള ഗൗരവകരമായ പാളിച്ചയും അശ്രദ്ധയുമാണ് ഉപഭോക്താവിന്റെ തലയില്‍ വന്നു വീഴുമോയെന്ന ഉത്കണ്ഠയാണ് നിലനില്‍ക്കുന്നതെന്ന് വിഡി സതീശന്‍ പറഞ്ഞു.

Leave A Reply

Your email address will not be published.