നന്നായി പടം വരച്ചാലേ അടുത്ത് ആള് കൂടൂ: അന്ന് മഹാരാജാസിൽ വച്ച് ജ്യോതിർമയിയോട് സലിം കുമാർ പറഞ്ഞു, മറുപടിയുമായി നടി
വർഷങ്ങൾക്കു മുൻപ് നടി ജ്യോതിർമയിയെ മഹാരാജാസ് കോളജിൽ വച്ച് കണ്ടുമുട്ടിയ അനുഭവം പങ്കുവച്ച് നടൻ സലിം കുമാർ. ചിത്രകാരിയായാണ് താൻ ആദ്യമായി ജ്യോതിർമയിയെ കാണുന്നത് എന്നാണ് സലിം കുമാർ പറഞ്ഞത്. അമൽ നീരദിന്റെ അച്ഛനും പ്രശസ്ത എഴുത്തുകാരനും മഹാരാജാസ് കോളജിലെ മുൻ അധ്യാപകനുമായ പ്രഫ. സി.ആർ. ഓമനക്കുട്ടന്റെ പുസ്തകപ്രകാശനത്തിനിടെയാണ് താരം രസകരമായ അനുഭവം പങ്കുവച്ചത്.
മഹാരാജാസ് കോളജിൽ നടന്ന പെയിന്റിങ് മത്സരത്തിനിടെയാണ് ആദ്യമായി ജ്യോതിർമയിയെ സലിം കുമാർ കാണുന്നത്. കാഴ്ചക്കാരാരുമില്ലാതെ തനിയെ നിന്ന് ചിത്രം വരക്കുന്ന പെൺകുട്ടിയെ കണ്ടപ്പോൾ അടുത്തേക്ക് പോയി . നന്നായി വരച്ചാലെ അടുത്ത് ആളു കൂടൂ എന്ന് പറഞ്ഞുവെന്നുമാണ് സലിം കുമാർ ഓർത്തെടുത്തത്. പിന്നീട് ജ്യോതിർമയി പടം വരച്ചോ എന്ന് തനിക്കറിയില്ലെന്നും സലിം കുമാർ പറഞ്ഞു. മഹാരാജാസ് കോളജിന്റെ സെന്റർ സർക്കിളിൽ ഒരു പെയിന്റിങ് മത്സരം നടക്കുകയാണ്. ഒരുപാടുപേർ പെയിന്റ് ചെയ്തുകൊണ്ടിരിക്കുന്നു. ചുറ്റും കുറെ കുട്ടികൾ പ്രോത്സാഹിപ്പിക്കാനായി നിൽക്കുന്നുണ്ട്. അന്ന് അമൽ ഇവിടെ ചെയർമാനാണ്. അമൽ പരിപാടിക്ക് നേതൃത്വം കൊടുത്ത് അവിടെ നിൽപ്പുണ്ട്. ഞാൻ നോക്കുമ്പോൾ ഒരു പെൺകുട്ടി കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ സൈഡിലെ പേരമരത്തിൽ കാൻവാസ് ചാരി വച്ചിട്ട് വരച്ചുകൊണ്ടിരിക്കുകയാണ്. അടുത്ത് ആരുമില്ല. ഈ പെൺകുട്ടി ഒറ്റയ്ക്കാണ്, ഒരു കണ്ണട വച്ചിട്ടുണ്ട്. ഞാൻ അവിടെ അടുത്ത് ചെന്ന് ഇരുന്നു. അപ്പോൾ ഈ പെൺകുട്ടിയുടെ അടുത്ത് ഞാൻ മാത്രമേയുള്ളൂ. ബാക്കി എല്ലാ സ്ഥലത്തും നിറയെ ആളുകളുണ്ട്. ഞാൻ അവിടെ ഇരിക്കുന്നത് കണ്ടു ഈ പെൺകുട്ടി എന്നെ തിരിഞ്ഞുനോക്കി. ഞാൻ വരച്ചോളൂ എന്ന് കൈ കാണിച്ചു. എന്നിട്ട് ഞാൻ ചോദിച്ചു ‘‘മോളെ, മോളുടെ അടുത്ത് ആരും ഇല്ലാത്തത് എന്താണെന്ന് മനസ്സിലായോ? അവിടെല്ലാം നിറയെ ആൾക്കാർ നിൽക്കുന്നുണ്ടല്ലോ. നന്നായിട്ട് പടം വരയ്ക്കണം. എന്നാലേ ഇതുപോലെ നിറയെ ആളുകൾ അടുത്തു കൂടൂ. ഈ പെൺകുട്ടി പിൽക്കാലത്ത് ഒരുപാട് സിനിമകളിൽ നായികയായിട്ടും സഹ നായികയുമായിട്ടൊക്കെ അഭിനയിച്ച് ഇന്ന് ഓമനക്കുട്ടൻ മാഷിന്റെ മരുമകളായ, അമൽ നീരദിന്റെ ഭാര്യയായ, ജ്യോതിർമയി ആണെന്നുള്ള ഒരു സത്യം ഞാൻ വെളിപ്പെടുത്തുകയാണ്. പിന്നീട് ജ്യോതിർമയി പടം വരച്ചോ ഇല്ലയോ എന്നൊന്നും എനിക്കറിയില്ല.- സലിം കുമാർ പറഞ്ഞു. സലിംകുമാറിന് മറുപടിയുമായി ജ്യോതിർമയിയും എത്തി. സലീമേട്ടൻ അന്ന് പറഞ്ഞതുകൊണ്ട് ഞാൻ വര കുറച്ചുകൂടി നന്നാക്കാൻ ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ടാണ് എനിക്ക് വര നന്നാക്കാൻ കഴിഞ്ഞത്. ഇല്ലെങ്കിൽ ഞാൻ എവിടെയോ പോയേനേ- എന്നാണ് ജ്യോതിർമയി പറഞ്ഞത്.