സിഡ്നി: വിരമിക്കൽ തീരുമാനം മാറ്റി വച്ച് ലോകകപ്പ് കളിക്കുന്നതിനായി ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് തീരുമാനിച്ചത് ക്രിക്കറ്റ് ലോകത്ത് ചർച്ചയായിരുന്നു. ഇംഗ്ലണ്ടിനു കന്നി ഏകദിന ലോകകപ്പ് കഴിഞ്ഞ തവണ സമ്മാനിക്കുന്നതിൽ നിർണായകമായത് സ്റ്റോക്സിന്റെ മികവാണ്. എന്നാൽ സ്റ്റോക്സിന്റെ തീരുമാനത്തെ കടുത്ത ഭാഷയിൽ വിമർശിച്ച് മുൻ ഓസ്ട്രേലിയൻ ടെസ്റ്റ് നായകൻ ടിം പെയ്ൻ രംഗത്തെത്തി. സ്റ്റോക്സിന്റെ സമീപനം വെറും സ്വാർഥതയാണെന്നു ടിം പെയ്ൻ തുറന്നടിച്ചു. ഒരിക്കൽ വിരമിച്ച സ്റ്റോക്സ് തിരിച്ചെത്തിയത് രസകരമായ സംഗതിയാണെന്നു പെയ്ൻ പരിഹസിച്ചു. ഓസ്ട്രേലിയൻ റെഡിയോക്ക് നൽകിയ അഭിമുഖത്തിനിടെയാണ് പെയ്ൻ പരിഹാസവും വിമർശനവും നടത്തിയത്.
ലോകകപ്പ് കളിക്കാൻ കാത്തു നിൽക്കുന്ന താരങ്ങൾ സ്റ്റോക്സിനായി മാറി നിൽക്കേണ്ടി വരികയാണ്. സ്റ്റോക്സ് അവരോട് തനിക്ക് കളിക്കാൻ വേണ്ടി ബെഞ്ചിൽ പോയിരിക്കാനാണ് ഫലത്തിൽ പറയുന്നതെന്നു പരിഹാസത്തിലൂടെ പെയ്ൻ വ്യക്തമാക്കുന്നു.
‘എല്ലാം ഞാനാണ് എന്നാണ് ചിന്ത. എവിടെ കളിക്കണം, എപ്പോൾ കളിക്കണം എന്നതൊക്കെ ഞാൻ തന്നെ തീരുമാനിക്കും. ഞാൻ തിരഞ്ഞെടുക്കും. വലിയ ടൂർണമെന്റുകൾ മാത്രമേ ഞാൻ കളിക്കു.’
’12 മാസമായി ലോകകപ്പ് കളിക്കാൻ കാത്തു നിൽക്കുന്ന താരങ്ങൾ ക്ഷമിക്കണം. എനിക്ക് ഇപ്പോൾ വീണ്ടും കളിക്കണമെന്നുണ്ട്. അതിനാൽ നിങ്ങൾ പോയി ഒന്നു ബെഞ്ചിലിരിക്കാമോ. നന്ദി…’- പെയ്ൻ പരിഹസിച്ചു.ഹാരി ബ്രൂകിന്റെ ചെലവിലാണ് സത്യത്തിൽ സ്റ്റോക്സ് ടീമിലെത്തിയതെന്നും പെയ്ൻ പരിഹസിച്ചു. ടെസ്റ്റിൽ അതിവേഗം 1000 റൺസെടുത്ത ഹാരി ബ്രൂകിനു ടീമിൽ ഇടമില്ല. ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിൽ ഇംഗ്ലണ്ട് ഫേവറിറ്റുകളാണെന്നു പെയ്ൻ സമ്മതിച്ചു. ആതിഥേയരായ ഇന്ത്യ, ഓസ്ട്രേലിയ ടീമുകളും കരുത്തർ തന്നെയെന്നും പെയ്ൻ ചൂണ്ടിക്കാട്ടി.