Latest News From Kannur

പരിക്കുകള്‍ മരണകാരണമായെന്ന് ബോധപൂര്‍വം എഴുതിച്ചേര്‍ത്തു; താനൂര്‍ കസ്റ്റഡി മരണത്തില്‍ ഫോറന്‍സിക് സര്‍ജനെതിരെ പൊലീസ്

0

തിരുവനന്തപുരം: താനൂര്‍ കസ്റ്റഡിമരണത്തില്‍ ഫോറന്‍സിക് സര്‍ജനെതിരെ പൊലീസ്. മഞ്ചേരി മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് മേധാവി ഡോ. ഹിതേഷ് തെറ്റായ കാര്യങ്ങള്‍ രേഖപ്പെടുത്തിയെന്നാണ് ആരോപണം. ശരീരത്തില്‍ ഏറ്റ പരിക്കുകള്‍ മരണകാരണമായി എഴുതിച്ചേര്‍ത്തതാണെന്നാണ് പൊലീസ് പറയുന്നത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പൊലീസ് മേധാവിക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് അന്വേഷണസംഘം.

കസ്റ്റഡിയിലിരിക്കെ താമിര്‍ ജിഫ്രി മരിച്ച സംഭവത്തില്‍ അന്വേഷണം സിബിഐക്ക് കൈമാറിയിരുന്നു. അതിനിടെയാണ് താമിറിനെ പോസ്റ്റ് മോര്‍ട്ടം ചെയ്ത ഫോറന്‍സിക് സര്‍ജനെതിരെ പൊലീസ് രംഗത്തെത്തിയത്. അമിതമായ ലഹരി ഉപയോഗവും ഹൃദ്‌രോഗവുമാണ് മരണകാരണമെന്ന് രേഖപ്പെടുത്തുമ്പോള്‍ തന്നെ ശരീരത്തിന് ഏറ്റ പരിക്കുകളും മരണകാരണമായെന്ന് എഴുതി ചേര്‍ത്തത് ബോധപൂര്‍വമാണെന്നാണ് പൊലീസ് പറയുന്നത്.മഞ്ചേരി മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സര്‍ജനായ ഡോ. ഹിതേഷിന്റെ അടുത്ത ബന്ധുവിനെതിരെ തൃശൂര്‍ പൊലീസ് ഒരു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസില്‍ നിന്ന് ഒഴിവാക്കാനായി ഉന്നത ഉദ്യോഗസ്ഥരെ ഉള്‍പ്പടെ ഹിതേഷ് സമീപിച്ചിരുന്നു. എന്നാല്‍ അതിന് വഴങ്ങാത്തതിനെ തുടര്‍ന്ന് കടുത്തവിദ്വേഷം വച്ചുപുലര്‍ത്തുകയാണെന്നാണ് പൊലീസ് പറയുന്നത്. ആന്തരികാവയവ പരിശോധനയ്ക്ക് ശേഷം മാത്രമെ ശരീരത്തില്‍ ഏറ്റ പരിക്കുകള്‍ മരണകാരണമാണോ എന്നറിയാന്‍ കഴിയുകയുള്ളു. എന്നാല്‍ അതിന് മുന്‍പെ അത്തരത്തിലൊരു നിഗമനത്തിലെത്തി, എഴുതിച്ചേര്‍ത്തത് ബോധപൂര്‍വാണ്. അദ്ദേഹത്തിനെതിരെ അന്വേഷണം വേണമെന്നും, മറ്റ് ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സംഘത്തെ നിയോഗിച്ച് വീണ്ടും പോസ്റ്റ് മോര്‍ട്ടം നടത്തണമെന്നും പൊലീസ് ആവശ്യപ്പെടുന്നു.

Leave A Reply

Your email address will not be published.