പാലക്കാട്: ഉണക്കി സൂക്ഷിച്ച 96 കടല്‍ക്കുതിരകളുമായി യുവാവ് പിടിയില്‍. പാലക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നടത്തിയ പൊലീസ് പരിശോധനയിലാണ് ചെന്നൈ സ്വദേശിയായ സത്യ ഏഴില്‍ അരശന്‍ പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഒലവക്കോട് പൊലീസിന്റെ പരിശോധന. കൂടിനുള്ളിലാക്കിയാണ് ഇയാള്‍ കടല്‍ക്കുതിരകളെ കൈവശം വച്ചത്. പാലക്കാട് എത്തിച്ച് വില്‍പ്പന നടത്തുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു.ഹിപ്പോകാംപസ് എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഇവ ഷെഡ്യൂള്‍ഡ് ഒന്നില്‍പെടുന്നവയാണ്. ഇവയെ പിടികൂടുന്നത് വനംവന്യജീവി നിയമ പ്രകാരം നിരോധിച്ചിട്ടുണ്ട്.