പാനൂർ: കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ ഇന്ന് പാരതന്ത്ര്യം നിലനിൽക്കുന്നുവെന്ന തോന്നലാണ് സംസ്ഥാനത്തിന് പുറത്ത് പഠിക്കാൻ കുട്ടികളെ പ്രേരിപ്പിക്കുന്നതെന്നും പിരിമുറുക്കം തീരേ കുറഞ്ഞ അന്തരീക്ഷം കേരളത്തിൽ അനിവാര്യമാണെന്നും കണ്ണൂർ യൂനി വാഴ്സിറ്റി വൈസ് ചാൻസിലർ ഡോ..ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു.കൂത്തുപറമ്പ് നിയോജക മണ്ഡലം ജ്യോതിസ് വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പാനൂരിൽ നടത്തിയ രക്ഷാകർതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികൾ പിരിമുറുക്കത്തിലാണ് ഇവിടെ കഴിയുന്നത്. അതിൽ നിന്ന് സ്വാതന്ത്ര്യം നേടാനാണ് ഉപരിപഠനത്തിനായി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്നത്.പ്ലസ് ടു വരെ അമിതമായി മാർക്ക് ദാനം ചെയ്യുന്നത് വിദ്യാർത്ഥികളുടെ പഠന നിലവാരം കുറക്കുമെന്നും ഉന്നത മേഖലയിലെത്തുന്നവർ ഇതിൻ്റെ പ്രയാസം അനുഭവിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു. കെ.പി.മോഹനൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു .
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ എൻ.പി.ഷിനിജ, വി.കെ.തങ്കമണി,കെ.ലത.പാനൂർ എ .ഇ.ഒബൈജു കേളോത്ത്,
കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്തംഗം പി.കെ.അലി,പാനൂർ ബി.പി.സി അബ്ദുൾ മുനീർ
എന്നിവർ സംസാരിച്ചു. ഡോ.. കെ.വി.ശശിധരൻ, ദിനേശൻ മoത്തിൽ, കെ.പി.രമേഷ് ബാബു എന്നിവർ ക്ലാസെടുത്തു.ഇ. സുരേഷ് ബാബു സ്വാഗതവും ഡോ. എം.കെ.മധുസൂദനൻ നന്ദിയും പറഞ്ഞു.