ചമ്പാട് ഇൻഡോർ സ്റ്റേഡിയം ; വിജിലൻസ് അന്വേഷണത്തിനുള്ള ആർജ്ജവം പഞ്ചായത്ത് ഭരണസമിതി കാണിക്കണമെന്ന് മുസ്ലിം ലീഗ്.
പാനൂർ : ചമ്പാട് ഇൻഡോർ സ്റ്റേഡിയം നിർമ്മാണത്തിലെ അഴിമതി വിജിലൻസ് അന്വേഷിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ. കെ. ലത്തീഫ്.
മീത്തലെ ചമ്പാട് ഇൻഡോർ സ്‌റ്റേഡിയത്തിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പന്ന്യന്നൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പഞ്ചായത്തോഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എം എൽ എ ഫണ്ടെന്നാൽ പാർട്ടി ഫണ്ടല്ല. ഞാനും നിങ്ങളുമൊക്കെ ടാക്സ് അടക്കുന്ന പണമാണ്. ഇൻഡോർ സ്റ്റേഡിയം നിർമ്മാണത്തിൽ അപാകതയുണ്ടെങ്കിൽ പുറത്തുകൊണ്ടുവരാനുള്ള ആർജവം പഞ്ചായത്ത് ഭരണസമിതി കൈക്കൊള്ളണം. വിജിലൻസ് അന്വേഷണം നടത്തി പഞ്ചായത്തിലെ പൗരൻമാർക്ക് നീതി ലഭ്യമാക്കണമെന്നും ലത്തീഫ് ആവശ്യപ്പെട്ടു.
പന്ന്യന്നൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് പി.കെ ഹനീഫ,പള്ളിക്കണ്ടി യൂസഫ് ഹാജി,കാവിൽ മഹമൂദ്,റഹിം ചമ്പാട്,നിങ്കിലേരി മുസ്തഫ, ജാഫർ ചമ്പാട്,എം പി അഷ്റഫ്,കെ.പി സംജദ്,കെ.വി നാസർ എന്നിവർ സംസാരിച്ചു.