മുംബൈ: രാജ്യത്ത് തക്കാളിയുടെ വില കുതിച്ചുയരുന്നതിനിടെ, മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ ഒരു സ്ത്രീക്ക് ജന്മദിനസമ്മാനമായി ലഭിച്ചത് നാലുകിലോയലധികം തക്കാളി. കിലോയ്ക്ക് 26 രൂപയുണ്ടായിരുന്ന തക്കാളിക്ക് ഇപ്പോള്‍ മുംബൈയില്‍ 140 രൂപയില്‍ അധികമാണ് വില. ഇത് സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലുമപ്പുറമാണ്. കല്യാണിലെ കൊച്ചാടി സ്വദേശിയായ സോണാലിനാണ് ഞായറാഴ്ച ജന്മദിനത്തില്‍ ബന്ധുക്കളില്‍ നിന്ന് നാല് കിലോയിലധികം തക്കാളി സമ്മാനമായി ലഭിച്ചത്. മേശപ്പുറത്ത് സമ്മാനമായി ലഭിച്ച തക്കാളി കുട്ടകള്‍ വച്ച് യുവതി പിറന്നാള്‍ കേക്ക് മുറിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തന്റെ സഹോദരനും അമ്മായിയും അമ്മാവനും ഈ അവസരത്തില്‍ തനിക്ക് നല്‍കിയ സമ്മാനത്തില്‍ താന്‍ സന്തുഷ്ടനാണെന്ന് യുവതി പറഞ്ഞു. നാസിക്, പൂനെ എന്നിവിടങ്ങളില്‍ നിന്നാണ് മുംബൈയിലേക്ക് തക്കാളി എത്തിക്കുന്നത്.