ന്യൂഡല്‍ഹി: രാജ്യത്ത് ഏക സിവില്‍ നിയമം നടപ്പാക്കുന്നതു സംബന്ധിച്ച് അഭിപ്രായം അറിയിക്കുന്നതിനുള്ള സമയപരിധി തീരാന്‍ രണ്ടു ദിവസം കൂടി ശേഷിക്കെ നിയമ കമ്മിഷന് ഇതുവരെ ലഭിച്ചത് 46 ലക്ഷത്തോളം പ്രതികരണങ്ങള്‍. ലഭിച്ച പ്രതികരണങ്ങളില്‍നിന്നുള്ള ചില സംഘടനകളെയും വ്യക്തികളെയും നേരിട്ട് വാദം കേള്‍ക്കലിനായി വിളിക്കാനുള്ള ഒരുക്കത്തിലാണ് കമ്മിഷന്‍. തിങ്കളാഴ്ച വൈകിട്ടു വരെയുള്ള കണക്ക് അനുസരിച്ച് കമ്മിഷന് 46 ലക്ഷത്തോളം പ്രതികരണങ്ങള്‍ ലഭിച്ചതായി ഉന്നത വൃത്തങ്ങള്‍ പറഞ്ഞു. കഴിഞ്ഞ മാസം പതിനാലിനാണ് ഏക സിവില്‍ കോഡ് സംബന്ധിച്ച് പൊതുജനങ്ങളില്‍നിന്ന് അഭിപ്രായമാരാഞ്ഞ് കമ്മിഷന്‍ അറിയിപ്പു നല്‍കിയത്. ബന്ധപ്പെട്ട കക്ഷികള്‍, മത സംഘടനകള്‍, പൊതു ജനങ്ങള്‍ എന്നിവയ്‌ക്കെല്ലാം പ്രതികരണം അറിയിക്കാമെന്ന് കമ്മിഷന്‍ വ്യക്തമാക്കിയിരുന്നു. നേരത്തെ ഇരുപത്തിയൊന്നാം നിയമ കമ്മിഷന്‍ ഇതു സംബന്ധിച്ച് രണ്ടു വട്ടം പൊതുജനങ്ങളില്‍നിന്ന് അഭിപ്രായം ആരാഞ്ഞിരുന്നു. ഈ പ്രതികരണങ്ങളുടെ കൂടി അടിസ്ഥാനത്തിതല്‍ 2018 ഓഗസ്റ്റില്‍ കുടുംബ നിയമങ്ങളിലെ പരിഷ്‌കരണം എന്ന കണ്‍സള്‍ട്ടേഷന്‍ പേപ്പര്‍ അവതരിപ്പിക്കുകയും ചെയ്തു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് നിലവിലെ നിയമ കമ്മിഷന്‍ പുതിയ കണ്‍സള്‍ട്ടേഷനു തുടക്കമിട്ടത്. നേരത്തെ പൊതുജനങ്ങളുമായി നടത്തിയ ആശയ വിനിമയം അഞ്ചു വര്‍ഷം പിന്നിട്ട സാഹചര്യത്തിലാണ് പുതുതായി അഭിപ്രായം ആരായുന്നതെന്ന് കമ്മിഷന്‍ അറിയിച്ചു.