കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ വില്ലേജ് ഓഫീസർ നൽകിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു പകരമായി ഫോട്ടോ പതിപ്പിച്ച നേറ്റിവിറ്റി കാർഡ് നൽകാനുള്ള തീരുമാനം മന്ത്രിസഭായോഗം തത്വത്തിൽ അംഗീകരിച്ചതായി മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ അറിയിച്ചു.
നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു പകരമായി എക്കാലത്തും ഉപയോഗിക്കാവുന്നതാണ് നേറ്റിവിറ്റി കാർഡ്. സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട സേവനങ്ങൾക്കും മറ്റു ആവശ്യങ്ങൾക്കും ഉപയോഗപ്പെടുത്താവുന്ന നിയമ പിൻബലത്തോടുകൂടിയാവും ആധികാരിക രേഖയായി നേറ്റിവിറ്റി കാർഡ് നൽകാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തില്‍ ജീവിക്കുന്നയാളെന്ന് തെളിയിക്കാനാണ് നേറ്റിവിറ്റി കാര്‍ഡ് നല്‍കുന്നതെന്നും കാര്‍ഡിന് എസ്ഐആറുമായി ബന്ധമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
“സ്വന്തം അസ്തിത്വം തെളിയിക്കാൻ ജനങ്ങൾ പ്രയാസം അനുഭവിക്കുന്നതാണ് രാജ്യത്തെ പൊതുവായ അവസ്ഥ. അത് വലിയ തോതിൽ ആശങ്കജനകമായി രാജ്യത്ത് ഉയർന്നുവരുന്നു. ഒരാൾ ഈ നാട്ടിൽ ജനിച്ചു ജീവിക്കുന്നയാളാണെന്നോ സ്ഥിരതാമസക്കാരനാണെന്നോ ആരുടെ മുന്നിലും അനായാസം തെളിയിക്കാൻ പ്രാപ്തമാകണം. ഒരാളും പുറംതള്ളപ്പെടുന്ന അവസ്ഥയുണ്ടാകരുത്. അതിനായി ആധികാരികവും നിയമ പിൻബലമുള്ളതുമായ രേഖ, ആ വ്യക്തിയുടെ കൈവശമുണ്ടാകണം. അത്തരമൊരു രേഖ കേരളത്തിൽ ആവിഷ്കരിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നു,” മുഖ്യമന്ത്രി പറഞ്ഞു.
“ഇപ്പോൾ സംസ്ഥാനത്ത് നേറ്റിവിറ്റി സർട്ടിഫിക്കേറ്റാണ് നൽകിവരുന്നത്. അതിനു പകരം ഫോട്ടോ പതിപ്പിച്ച നേറ്റിവിറ്റി കാർഡ് നൽകുന്നതിനാണ് മന്ത്രിസഭാ യോഗം തത്വത്തിൽ അംഗീകരിച്ചിരിക്കുന്നത്. നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു പകരമായി എക്കാലത്തും ഇത് ഉപയോഗിക്കാനാവും. അതോടൊപ്പം സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട സേവനങ്ങൾക്കും മറ്റു ആവശ്യങ്ങൾക്കും ഉപയോഗിക്കാവുന്ന നിയമ പിൻബലത്തോടുകൂടിയാവും ആധികാരിക രേഖയായി നേറ്റിവിറ്റി കാർഡ് നൽകാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.
ഒരു സംസ്ഥാനത്ത് വ്യക്തിയുടെ ജനനവും ദീർഘകാല താമസവും തെളിയിക്കുന്ന രേഖയാണ് നേറ്റിവിറ്റി സർട്ടിഫിക്കേറ്റ്. എന്നാൽ അത് നിയമപ്രാബല്യമുള്ള രേഖയല്ല. ഓരോ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് പലപ്രാവശ്യം നേറ്റിവിറ്റി സർട്ടിഫിക്കറ്റ് വാങ്ങേണ്ടതായും വന്നിരുന്നെന്ന്” മുഖ്യമന്ത്രി പറഞ്ഞു. ഇതിനെല്ലാം പരിഹാരമായാണ് നേറ്റിവിറ്റി കാർഡ് കൊണ്ടുവരുന്നതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.