കൊല്ലം: സിനിമ നിര്‍മാതാവും വ്യവസായിയുമായ അച്ചാണി രവി അന്തരിച്ചു. 90 വയസായിരുന്നു. കെ രവീന്ദ്രനാഥന്‍ നായര്‍ എന്നാണ് മുഴുവന്‍ പേര്. സാമ്പത്തികപിന്തുണയും പ്രോത്സാഹനവുമേകി മലയാളത്തിന് ഒരുപിടി നല്ല സംവിധായകരെയും സിനിമകളും നല്‍കിയ നിര്‍മാതാവായിരുന്നു രവീന്ദ്രനാഥന്‍ നായര്‍. കൊല്ലത്തെ വസതിയിലായിരുന്നു അന്ത്യം. 1967ല്‍ ‘അന്വേഷിച്ചു കണ്ടെത്തിയില്ല’ എന്ന ചിത്രം നിര്‍മിച്ചുകൊണ്ടായിരുന്നു ജനറല്‍ പിക്ചേഴ്സ് ആരംഭിച്ചത്. പി ഭാസ്‌കരന്‍ ആയിരുന്നു സംവിധാനം. 68-ല്‍ ‘ലക്ഷപ്രഭു’, 69-ല്‍ ‘കാട്ടുകുരങ്ങ്’ എന്നീ ചിത്രങ്ങളും പി ഭാസ്‌കരന്‍ ജനറല്‍ പിക്ചേഴ്സിനുവേണ്ടി സംവിധാനം ചെയ്തു. 73-ല്‍ എ വിന്‍സെന്റിന്റെ ‘അച്ചാണി’, 77-ല്‍ ‘കാഞ്ചനസീത’, 78-ല്‍ ‘തമ്പ്’, 79-ല്‍ ‘കുമ്മാട്ടി’ 80-ല്‍ ‘എസ്തപ്പാന്‍’, 81-ല്‍ ‘പോക്കുവെയില്‍’ എന്നീ ചിത്രങ്ങള്‍ അരവിന്ദന്‍ ഒരുക്കി. 82-ല്‍ എംടി വാസുദേവന്‍ നായര്‍ ‘മഞ്ഞ്’ സംവിധാനം ചെയ്തു. 84-ല്‍ ‘മുഖാമുഖം’, 87-ല്‍ ‘അനന്തരം’, 94-ല്‍ ‘വിധേയന്‍’ എന്നീ ചിത്രങ്ങള്‍ അടൂര്‍ ഗോപാലകൃഷ്ണനും സാക്ഷാത്കരിച്ചു.ആകെ നിര്‍മിച്ച 14 സിനിമകള്‍ക്ക് 18 ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങളാണ് ലഭിച്ചത്. എസ്തപ്പാന്‍ എന്ന സിനിമയില്‍ മുഖംകാണിച്ചിട്ടുമുണ്ട്. ഭാര്യ ഉഷ ‘തമ്പ്’ എന്ന സിനിമയില്‍ പിന്നണി പാടിയിട്ടുണ്ട്. സമഗ്രസംഭാവനയ്ക്കുള്ള ജെ സി ഡാനിയേല്‍ പുരസ്‌കാരം നേടിയ രവീന്ദ്രനാഥന്‍ നായര്‍ ദേശീയ ചലചിത്ര അവാര്‍ഡ് കമ്മിറ്റി അംഗമായും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ അംഗമായും ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Sign in
Sign in
Recover your password.
A password will be e-mailed to you.