പത്തനംതിട്ട: റാന്നി കീക്കൊഴൂരിൽ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടി കൊലപ്പെടുത്തിയ പ്രതി അതുൽ സത്യൻ പിടിയിൽ. 12 മണിക്കൂർ നീണ്ട അന്വേഷണത്തിന് ശേഷം റാന്നിയിലെ പുതുശേരി മലയിലെ ആളൊഴിഞ്ഞ വീട്ടിൽ നിന്നും ഇന്ന് രാവിലെയോടെയാണ് പ്രതിയെ റാന്നി പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ആക്രമണത്തിൽ പ്രതിക്ക് സാരമായ പരിക്കേറ്റിരുന്നു. കസ്റ്റഡിയിൽ എടുത്ത പ്രതിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ രാത്രി 8.30 ഓടെയാണ് ഒപ്പം താമസിച്ചിരുന്ന രഞ്ജിതയെ ഇയാൾ വീട്ടിൽ കയറി വാൾ കൊണ്ട് വെട്ടികൊലപ്പെടുത്തിയത്. സംഭവ ശേഷം അതുൽ ഇവിടെ നിന്നു കടന്നുകളഞ്ഞു. ഇയാളുടെ രക്തം പുരണ്ട ഷർട്ട് വീടിനു ഒന്നര കിലോ മീറ്റർ അകലെ നിന്നും പൊലീസിന് ലഭിച്ചിരുന്നു. തലയ്ക്കും കഴുത്തിനും വെട്ടേറ്റ യുവതി സംഭവ സ്ഥലത്തു വെച്ച് തന്നെ മരിച്ചു. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ രഞ്ജിതയുടെ അച്ഛൻ വിഎ രാജു (60), അമ്മ ഗീത (51), സഹോദരി അമൃത (18) എന്നിവർക്കും വെട്ടേറ്റു. രാജുവിന്റെ നില ഗുരുതരമാണ്. മൂവരും റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.ശനിയാഴ്ച രഞ്ജിത അതുലിനെതിരെ റാന്നി പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നു പൊലീസ് പറയുന്നു. കാപ്പാ കേസിൽ ഉൾപ്പെട്ട അതുൽ കൊലപാതകം, കഞ്ചാവ് കടത്ത് കേസുകളിലും പ്രതിയാണ്. ഒരാഴ്ച മുൻപ് അതുൽ രഞ്ജിതയെ പത്തനാപുരത്തുള്ള റബർ തോട്ടത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി കഴുത്തിൽ കത്തി വച്ച് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന്റെ വീഡിയോയും എടുത്തിരുന്നു. മകളെ കൊല്ലുമെന്ന് അമ്മ ഗീതയേയും ഇയാൾ ഭീഷണിപ്പെടുത്തിയതായി ബന്ധുക്കൾ ആരോപിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.