മയ്യഴി: അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി ഭാരത സർക്കാർ – കേന്ദ്ര ആയുഷ് മന്ത്രാലയം, റേഡിയോ ജൻവാണി 90.8 FM, കോമൺവെൽത്ത് എജുക്കേഷണൽ മീഡിയാ സെന്റർ ഓഫ് ഏഷ്യ (CEMCA), നെഹ്റു യുവ കേന്ദ്ര- മാഹി, ജവഹർ നവോദയ വിദ്യാലയ – മാഹി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പന്തക്കൽ നവോദയ വിദ്യാലയത്തിൽ നടത്തിയ യോഗ മഹോത്സവ് 2023 പരിപാടി യോഗ പ്രദർശനവും, ആദരവ് സമർപ്പണവും കൊണ്ട് ധന്യവും സംഘാടനമികവും പങ്കാളിത്തവും കൊണ്ട് ഹൃദ്യവും, പുലർകാലത്തുള്ള സത്സംഗമെന്ന നിലയിലും നന്മയുടെ സന്ദേശ ദായക വേദി എന്ന നിലയിലും ലളിതവുമായി.
പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികളുൾപ്പെടെയുള്ള സദസ്യരും സംഘാടകരുമുൾപ്പെടെ പങ്കെടുത്ത യോഗ പ്രദർശനം പരിപാടിയുടെ മുഖ്യ ആകർഷകമായി. മാറി.
വിവിധ ഹൗസുകളായി തിരിഞ്ഞ് വ്യത്യസ്ത നിറങ്ങളിലുള്ള വസ്ത്രങ്ങളണിഞ്ഞ വിദ്യാർത്ഥികൾ യോഗ പ്രകടനത്തിൽ സജീവമായി പങ്കെടുത്തത് ചടങ്ങിന് മാറ്റ് കൂട്ടി. സ്കൂളിൽ നിന്നും ലഭിച്ച പരിശീലനം വിദ്യാർത്ഥികൾക്ക് എല്ലാ യോഗമുറകളും അനായാസം ചെയ്യുന്നതിന് സഹായകരമായി.
പാനൂർ റേഡിയോ ജൻവാണി, മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ എസ്.വി.ജയശങ്കരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ യോഗ മഹോത്സവ് ഉദ്ഘാടനം യോഗ ഗുരു പുരസ്കാര ജേതാവ് അഡ്വ.വി.രാജു ഉദ്ഘാടനം ചെയ്തു. മാഹി നെഹ്റു യുവ കേന്ദ്ര, ജില്ല യൂത്ത് ഓഫീസർ കെ.രമ്യ ആമുഖ ഭാഷണം നടത്തി. അദ്ധ്യാപകനും ചലച്ചിത്രപിന്നണി ഗായകനുമായ എം. മുസ്തഫ ആശംസാ ഭാഷണം നിർവ്വഹിച്ചു. ഈ വർഷത്തെ ‘യോഗ ഗുരു’ പുരസ്കാരം എരുവട്ടി സ്വദേശി കെ.എ. വിജയന് സമർപ്പിച്ചു. ജംഷാദ് അത്തോളി , നിഷാൻ കെ.കെ. എന്നിവരെ ‘യോഗ പ്രചാരക്’ പുരസ്കാരം നൽകി ആദരിച്ചു. മാഹി നവോദയ സ്കൂൾ പ്രിൻസിപ്പൽ ഡോ.കെ.എ. രത്നാകരനേയും റേഡിയോ ജൻവാണി 90.8 എഫ്.എം മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ എസ്.വി.ജയശങ്കരനേയും യോഗ പ്രചാരണ രംഗത്തെ സേവനത്തിന് പുരസ്കാരങ്ങൾ നൽകി അനുമോദിച്ചു. യോഗ പോസ്റ്റർ രചനാ മത്സരം, യോഗ പ്രദർശന മത്സരം, ഉപന്യാസ മത്സരം (വിഷയം: യോഗ ലോകസമാധാനത്തിനും ക്ഷേമത്തിനും)എന്നീ മത്സരങ്ങളിൽ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
ജവഹർ നവോദയ സ്കൂൾ വിദ്യാർത്ഥികളുടെ ഗായക സംഘം ആലപിച്ച സ്വാഗതഗാനത്തോടെ ആരംഭിച്ച പരിപാടിയിൽ നവോദയ സ്കൂൾ പ്രിൻസിപ്പൽ ഡോ.കെ. ഒ. രത്നാകരൻ സ്വാഗത ഭാഷണവും
റേഡിയോ ജൻവാണി സ്റ്റേഷൻ ഡയറക്ടർ നിർമ്മൽ മയ്യഴി കൃതജ്ഞതാ ഭാഷണവും നടത്തി.
ദേശീയ ഗാനാലാപനത്തോടെ യോഗ മഹോത്സവ് 2023 ചടങ്ങുകൾ സമാപിച്ചു.