കാൽ മുറിച്ചുമാറ്റണമെന്ന് ഡോക്ടർ, മനോവിഷമത്തിൽ ആശുപത്രിയിൽ നിന്ന് ‘മുങ്ങി’; പുഴയിൽ ചാടിയ 60കാരനെ രക്ഷിച്ചു .
കൊച്ചി: പ്രമേഹം കൂടിയതിനെത്തുടർന്ന് കാൽ മുറിച്ചുമാറ്റണമെന്ന് ഡോക്ടർ പറഞ്ഞതിന്റെ മനോവിഷമത്തിൽ പുഴയിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച 60കാരനെ മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേർന്ന് രക്ഷിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കേ, അവിടെ നിന്ന് ‘മുങ്ങിയ’ വരാപ്പുഴ സ്വദേശി പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടുകയായിരുന്നു.
തിങ്കളാഴ്ച രാവിലെ 11.30നാണ് സംഭവം. ഇടതുകാലിന് മുറിവുപറ്റി കളമശ്ശേരി എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു ഇയാൾ. പഴുപ്പ് പാദത്തിൽ കയറിയതോടെയാണ് ഈ ഭാഗം മുറിച്ചുമാറ്റണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചത്. ആശുപത്രിയിൽ ഒപ്പമുണ്ടായിരുന്ന മകൻ മരുന്ന് വാങ്ങാൻ പോയ സമയത്താണ്, ആശുപത്രിയിൽ നിന്ന് പുറത്തേയ്ക്ക് കടന്നത്. മകന്റെ വണ്ടിയുമായി വരാപ്പുഴ പാലത്തിൽ എത്തിയ വരാപ്പുഴ സ്വദേശി, ആശുപത്രിയിൽ ഡ്രിപ് നൽകുന്നതിന് ഇട്ടിരുന്ന സൂചി അടക്കം കൈയിലിരിക്കെയാണ് പുഴയിൽ ചാടിയത്. മത്സ്യത്തൊഴിലാളിയായ കുരിശുവീട്ടിൽ വർഗീസും മറ്റ് നാട്ടുകാരും ചേർന്നാണ് പുഴയിൽനിന്ന് രക്ഷപ്പെടുത്തിയത്. തുടർന്ന്, മഞ്ഞുമ്മൽ സെൻറ് ജോസഫ്സ് ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയശേഷം മെഡിക്കൽ കോളജിലേക്ക് മാറ്റി. ആരോഗ്യനില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.