ഭോപ്പാല്‍: മധ്യപ്രദേശില്‍ കഴുത്തില്‍ കെട്ടിയ കയറുമായി യുവാവിനോട് പട്ടിയെ പോലെ കുരയ്ക്കാന്‍ ആക്രോശിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. സംഘം ചേര്‍ന്നാണ് യുവാവിനെ ആക്രമിച്ചത്. സാമൂഹിക മാധ്യമ പോസ്റ്റിന്റെ പേരില്‍ ക്ഷമ ചോദിക്കാന്‍ ആവശ്യപ്പെട്ട് സംഘം അലറുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഭോപ്പാലില്‍ നിന്നുള്ളതാണ് 50 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ. കറുത്ത വസ്ത്രം ധരിച്ച യുവാവ് വെറുതെ വിടണമെന്ന് പറഞ്ഞ് കേണപേക്ഷിക്കുന്നതും വീഡിയോയില്‍ കാണാം.യുവാവിന്റെ കഴുത്തില്‍ കെട്ടിയ കയര്‍ പിടിച്ചിരിക്കുന്നത് സംഘമാണ്. ‘സഹില്‍ എന്റെ അച്ഛനാണ്. അവന്‍ എന്റെ മൂത്ത സഹോദരനാണ്. അവന്റെ അമ്മ തന്നെയാണ് എന്റെ അമ്മ. എന്റെ അമ്മ തന്നെയാണ് അവളുടെയും അമ്മ’- വീഡിയോയിലെ യുവാവിന്റെ വാക്കുകള്‍. സഹിലിനോട് ക്ഷമ പറയാന്‍ സംഘം നിരന്തരം ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാം. ‘ഞാന്‍ ക്ഷമ പറഞ്ഞതാണ്. ഞാന്‍ ഒന്നും ചെയ്തിട്ടില്ല’- യുവാവിന്റെ മറുപടി. ആരാണ് സ്റ്റോറി അപ്ലോഡ് ചെയ്യാന്‍ പറഞ്ഞത് എന്ന് സംഘം ചോദിച്ചപ്പോള്‍. ‘ ഞാനല്ല അപ്ലോഡ് ചെയ്തത്. ‘ഷാരൂഖിന് വേണ്ടിയാണ് ചെയ്തത്. അവന്‍ ഭീഷണിപ്പെടുത്തിയപ്പോള്‍ ചെയ്ത് പോയതാണ്’- യുവാവ് മറുപടി നല്‍കി.
സംഭവത്തെ അപലപിച്ച മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര, അന്വേഷണത്തിന് ഉത്തരവിട്ടു.സഹിലും സംഘാംഗങ്ങളും ചേര്‍ന്ന് യുവാവിനെ മയക്കുമരുന്ന് ഉപയോഗിക്കാന്‍ നിര്‍ബന്ധിക്കുകയും മതം മാറ്റിയതായും യുവാവിന്റെ കുടുംബം ആരോപിക്കുന്നു. സ്വന്തം വീട്ടില്‍ മോഷണം നടത്താനും നിര്‍ബന്ധിച്ചു. പൊലീസില്‍ പരാതി നല്‍കിയെങ്കിലും സ്വീകരിച്ചില്ല. ഇതിന്റെ മനോവിഷമത്തില്‍ യുവാവ് വീഡിയോ സാമൂഹിക മാധ്യമത്തില്‍ പങ്കുവെയ്ക്കുകയായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. സംഭവം വിവാദമായതോടെ, പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.