മയ്യഴി : ഭാരത സർക്കാർ,ആയുഷ് മന്ത്രാലയം, കോമൺവെൽത്ത് എജ്യുക്കേഷണൽ മീഡിയ സെന്റർ ഫോർ ഏഷ്യ (CEMCA),റേഡിയോ ജൻവാണി 90.8 FM എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഒമ്പതാമത് അന്താരാഷ്ട്ര യോഗ ദിനമായ ജൂൺ 21 ന് മാഹിയിൽ യോഗ മഹോത്സവ് – 2023 സംഘടിപ്പിക്കുന്നു. നെഹ്റു യുവ കേന്ദ്ര – മാഹി, ജവഹർ നവോദയ വിദ്യാലയ – മാഹി എന്നിവയുടെ സഹകരണത്തോടെ 21 ന് രാവിലെ 7 മണിക്ക് പന്തക്കൽ നവോദയ വിദ്യാലയത്തിൽ വെച്ചാണ് ആഘോഷങ്ങൾ. യോഗ മഹോത്സവ് മുൻ യോഗ ഗുരു പുരസ്കാര ജേതാവ് യോഗാചാര്യ അഡ്വ.വി.രാജു ഉദ്ഘാടനം ചെയ്യും. ഈ വർഷത്തെ “യോഗ ഗുരു” പുസ്കാര ജേതാവ് വിജയൻ.കെ.എ, എരുവട്ടിക്ക് ചടങ്ങിൽ പുരസ്ക്കാരം നൽകും. യോഗാചാര്യന്മാരായ ജംഷാദ് അത്തോളി, നിഷാൻ. കെ.കെ എന്നിവരെ വ്യക്തിഗത വിഭാഗത്തിലും , രണ്ട് യോഗ പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകുന്ന സ്ഥാപനങ്ങളെയും ”യോഗ പ്രചാരക് ” പുരസ്കാരം നൽകി ആദരിക്കും. ഇതിന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച യോഗ പോസ്റ്റർ രചനാ മത്സരം, ഉപന്യാസ മത്സരം എന്നിവയിലെ വിജയി കൾക്ക് മൂന്ന് വിഭാഗങ്ങളിലായി സമ്മാനങ്ങൾ വിതരണം ചെയ്യും. അന്നേ ദിവസം 7 ക്ലാസ് മുതൽ 12 ക്ലാസ് വിദ്യാർത്ഥികൾക്ക് മൂന്ന് വിഭാഗങ്ങളായും പൊതുജനങ്ങൾക്ക് പ്രത്യേക വിഭാഗമായും യോഗ പ്രദർശന മത്സരവും സംഘടിപ്പിക്കും. മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ 8606609000 എന്ന നമ്പരിൽ മുൻകൂട്ടി പേർ റജിസ്റ്റർ ചെയ്യണം. പത്രസമ്മേളനത്തിൽ റേഡിയോ ജൻവാണി 90.8 FM സ്റ്റേഷൻ ഡയരക്ടർ, നിർമ്മൽ മയ്യഴി, നെഹ്റു യുവ കേന്ദ്ര- മാഹി, ജില്ലാ യൂത്ത് ഓഫീസർ, രമ്യ. കെ എന്നിവർ പങ്കെടുത്തു.