ബിപോർജോയ് ഗുജറാത്ത് തീരത്ത് വൈകീട്ടോടെ, 120 കിലോമീറ്റര്‍ വേഗം; കേരളത്തില്‍ ഇടിമിന്നലോട് കൂടിയ മഴ, യെല്ലോ അലര്‍ട്ട്.
ന്യൂഡല്‍ഹി: അറബിക്കടലില്‍ രൂപപ്പെട്ട ബിപോർജോയ് ചുഴലിക്കാറ്റ് തീരം തൊടാന്‍ വൈകും. ഗുജറാത്തിലെ കച്ച് തീരത്ത് വൈകീട്ട് ആറുമണിയോടെ മാത്രമേ കര തൊടുകയുള്ളൂ എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അതിനിടെ തീരപ്രദേശത്ത് താമസിക്കുന്ന ഒരു ലക്ഷത്തോളം ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. അതി തീവ്ര ചുഴലിക്കാറ്റ് ഗണത്തില്‍പ്പെടുന്ന ബിപോർജോയ് തീരം തൊടുമ്പോള്‍ 120 കിലോമീറ്റര്‍ വേഗം ഉണ്ടാവുമെന്നാണ് പ്രവചനം. നിലവില്‍ കച്ചില്‍ നിന്ന് 170 കിലോമീറ്റര്‍ അകലെയാണ് ബിപോർജോയ്. ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി ദ്വാരക, പോര്‍ബന്തര്‍ മേഖലയില്‍ കനത്ത കാറ്റ് വീശുന്നുണ്ട്. ചുഴലിക്കാറ്റിന്റെ വരവോടെ, അതിതീവ്രമഴയാണ് പ്രതീക്ഷിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഗുജറാത്തിലെ വിവിധ ജില്ലകളില്‍ ഓറഞ്ച്, റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത നാലുദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ശക്തമായ മഴ കണക്കിലെടുത്ത് ഞായറാഴ്ച ഇടുക്കി, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്.