മന്ത്രിയുടെ ഉറപ്പ് പാഴ്‌വാക്കായി; കാസര്‍കോട് സര്‍ക്കാര്‍ ആശുപത്രിയില്‍ മൃതദേഹം വീണ്ടും ചുമന്ന് ഇറക്കി.
കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ലിഫ്റ്റ് തകരാറിലായതിനെ തുടര്‍ന്ന് വീണ്ടും മൃതദേഹം ചുമന്ന് ഇറക്കി. ബേക്കല്‍ സ്വദേശിയായ മത്സ്യതൊഴിലാളി രമേശന്റെ മൃതദേഹമാണ് തൊഴിലാളികളും ബന്ധുക്കളും ചേര്‍ന്ന് ചുമന്ന് ഇറക്കിയത്. ആശുപത്രിയിലെ ലിഫ്റ്റ് പ്രവര്‍ത്തനരഹിതമായിട്ട് മൂന്ന് മാസമായി. ലിഫ്റ്റ് തകരാറിലായതിനെ തുടര്‍ന്ന് നേരത്തെയും മൃതദേഹം ചുമന്ന് ഇറക്കേണ്ടി വന്നിരുന്നു. ആറാം നിലയില്‍ നിന്നാണ് മൃതദേഹം ചുമന്ന് ഇറക്കിയത്. നേരത്തെ സമാനമായ സംഭവം ഉണ്ടായതിനെ തുടര്‍ന്ന് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. അന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സ്ഥലത്തെത്തുകയും ലിഫ്റ്റിന് പതിനാല് ലക്ഷം രൂപ അനുവദിക്കുകയും ചെയ്തിരുന്നു. വകുപ്പ് മന്ത്രിയുടെ നിര്‍ദേശം ഉണ്ടായിട്ടും ലിഫ്റ്റ് നിര്‍മ്മാണം ഇതുവരെ തുടങ്ങിയിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ദിവസമാണ് ലിഫ്റ്റ് നിര്‍മ്മാണത്തിനുള്ള സാധനസാമഗ്രികള്‍ എത്തിച്ചത്. ഒരു മാസത്തിനകം പ്രവര്‍ത്തി പൂര്‍ത്തിയാവുമെന്നാണ് അധികൃതരുടെ വിശദീകരണം. എറണാകുളത്ത് നിന്നുള്ള കമ്പനിക്കാണ് നിര്‍മ്മാണ ചുമതല.