നാദാപുരം :
നാദാപുരം കസ്തൂരികുളത്തിന് സമീപം പൊതു റോഡിൽ ഡ്രൈനേജിൽ നിന്ന് ദുർഗന്ധം വരുന്നു എന്ന പരാതിയെ തുടർന്ന് പഞ്ചായത്ത് ഉദ്യോഗസ്ഥർ ഫീൽഡ് തല പരിശോധന നടത്തി. ഹോട്ടൽ ഫുഡ് പാർക്കിന്റെ മലിന ജല ടാങ്കിന്റെ മാൻ ഹോൾ ഉദ്യോഗസ്ഥർ അടപ്പ് തുറന്നു പരിശോധിച്ചതിൽ ടാങ്ക് നിറഞ്ഞു കവിഞ്ഞതിനാൽ മൂന്നുദിവസത്തിനകം മലിനജലം നീക്കം ചെയ്യുവാൻ ഹോട്ടൽ ഉടമക്ക് നോട്ടീസ് നൽകി. പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽഹമീദ്, അസിസ്റ്റന്റ് സെക്രട്ടറി ടി പ്രേമാനന്ദൻ, ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു എന്നിവരാണ് പരിശോധന നടത്തിയത്. ചേലക്കാട് ടൗണിൽ ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്ന കോട്ടേഴ്സിന്റെ ഉടമയ്ക്ക് ക്വാർട്ടേഴ്‌സ് വൃത്തിഹീനമായതിനാൽ നോട്ടീസ് നൽകി.
നാദാപുരം ടൗണിൽ ചെരുപ്പ് കടയിലെ പഴയ ചെരുപ്പുകൾ പൊതുസ്ഥലത്ത് നി ക്ഷേപിച്ചത് ഉടമയെ കൊണ്ട് നീക്കം ചെയ്യിപ്പിച്ചു.
രണ്ടാം വാർഡിൽ ചീരോത്ത് സ്കൂൾ പരിസരത്തുള്ള അനാദി കടയുടെ പരിസരം വൃത്തിഹീനമായതിനാൽ കട ഉടമക്ക് 24 മണിക്കൂർ സമയം അനുവദിച്ചു കട ശുചീകരിക്കുവാൻ നിർദ്ദേശം നൽകി.