തൃശൂര്‍: സ്‌റ്റേഷനില്‍ നിന്നും ചാടിപ്പോയ പ്രതിയെ പിന്തുടര്‍ന്ന് പിടികൂടി പൊലീസ്. 22 കാരനായ അസം സ്വദേശി അബ്ദുറഹിമാനാണ് പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചത്. ലഹരി വില്‍പ്പനക്കാരനായ ഇയാളെ ലക്ഷങ്ങള്‍ വിലവരുന്ന ഹെറോയിനുമായാണ് പൊലീസ് പിടികൂടിയത്.
ഇന്ന് രാവിലെയാണ് ഹെറോയിന്‍ വില്‍ക്കാനെത്തിയ അതിഥി തൊഴിലാളികളെ ചാലക്കുടി പൊലീസ് പിടികൂടിയത്. അസം സ്വദേശികളായ അബ്ദുള്‍ റഹിമാന്‍, നൂറുല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് ലക്ഷങ്ങള്‍ വിലവരുന്ന ഹെറോയിന്‍ പൊലീസ് കണ്ടെത്തി. 28 കുപ്പികളിലായി സൂക്ഷിച്ച നിലയിലായിരുന്നു ഹെറോയിന്‍. കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുന്നതിനിടെ ശുചി മുറിയില്‍ പോകണമെന്ന് അസം സ്വദേശി ആവശ്യപ്പെട്ടു. തുടര്‍ന്ന് സ്റ്റേഷന്‍ വളപ്പിലെ ശുചിമുറിയില്‍ കൊണ്ടുപോയി. അതിനിടെ വെന്റിലേഷിലെ ജനല്‍ ചില്ല് തകര്‍ത്ത് പുറത്തേക്ക് ചാടിയ പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ചാടിപ്പോയ പ്രിതയെ പൊലീസ് പിന്തുടര്‍ന്ന് ചാലക്കുടി സൗത്ത് ജങ്ഷനില്‍ വച്ച് നാടകീയമായി പിടികൂടുകയായിരുന്നു.
ഇരുവര്‍ക്കുമെതിരെ ലഹരിവില്‍പ്പനക്കെതിരെ കേസ് എടുത്തതായി പൊലീസ് പറഞ്ഞു. ഇവരുടെ സ്‌കൂട്ടറും കണ്ടെടുത്തിട്ടുണ്ട്. സ്‌കൂട്ടറിന്റെ പ്രത്യേക അറയിലായിരുന്നു ഹെറോയിന്‍ ഒളിപ്പിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു