തൊടുപുഴ: മൂന്നാറിലെ അനധിക നിര്‍മ്മാണ നിയന്ത്രണവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി അഡ്വ. ഹരീഷ് വാസുദേവനെതിരെ സിപിഎം. ഹരീഷ് വാസുദേവന്‍ കടുത്ത കപട പരിസ്ഥിതി വാദിയാണ്. ഹരീഷിനെ വിശ്വാസത്തിലെടുക്കാന്‍ കഴിയില്ലെന്നും സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വര്‍ഗീസ് പറഞ്ഞു. ഇടുക്കി ജില്ലയില്‍ ഗാഡ്ഗില്‍- കസ്തൂരിരംഗന്‍ പ്രശ്‌നം ഉയര്‍ന്നു വന്നപ്പോള്‍, ഇടുക്കി ജില്ലയെ പൂര്‍ണമായി വനഭൂമിയായി മാറ്റണമെന്ന വാദം ഉന്നയിക്കുകയും അതിനനുസരിച്ചുള്ള നിലപാട് സ്വീകരിക്കുകയും ചെയ്ത വ്യക്തിയാണ്. ജില്ലയിലെ സങ്കീര്‍ണ്ണമായ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നതിന് ആവശ്യമായ എല്ലാ നടപടിക്രമങ്ങളും സംസ്ഥാന സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചു വെച്ചിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ സ്വാഭാവികമായും പരിസ്ഥിതി വാദികള്‍ കടന്നുവരുന്നതിന് പിന്നില്‍ അന്താരാഷ്ട്ര ഗൂഢാലോചനയുണ്ട്. മൂന്നാറിലെ നിര്‍മ്മാണത്തിനെതിരെ കോടതിയെ സമീപിച്ച വണ്‍ എര്‍ത്ത് വണ്‍ ലൈഫ് വ്യാജസംഘടനയാണെന്നും സിവി വര്‍ഗീസ് ആരോപിച്ചു. മൂന്നാറില്‍ മൂന്നുനിലയില്‍ കൂടുതലുള്ള കെട്ടിടങ്ങള്‍ക്ക് നിര്‍മ്മാണ അനുമതി വിലക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. രണ്ടാഴ്ചത്തേക്ക് വിലക്കിയാണ് ഇടക്കാല ഉത്തരവ്. മൂന്നാറുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഗണിക്കാനായി രൂപീകരിച്ച പ്രത്യേക ബെഞ്ചിന്റേതാണ് ഉത്തരവ്.