തൊടുപുഴ: മൂന്നാര്‍ നെറ്റിമേട് ഭാഗത്ത് വീണ്ടും കാട്ടുകൊമ്പന്‍ പടയപ്പയിറങ്ങി. തേയില കൊളുന്തുമായി പോയ ട്രാക്ടര്‍ ആന തടഞ്ഞു. ആനയെ കണ്ടതോടെ ഡ്രൈവര്‍ ട്രാക്ടറില്‍ നിന്നിറങ്ങിയോടുകയായിരുന്നു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ട്രാക്ടര്‍ ഡ്രൈവര്‍ സെല്‍വകുമാറാണ് വാഹനത്തില്‍ നിന്ന് ഓടി രക്ഷപ്പെട്ടത്. ട്രാക്ടറില്‍ ഭക്ഷണസാധനങ്ങളാണെന്ന് കരുതി പടയപ്പ തെരച്ചില്‍ തുടങ്ങി. ചുറ്റും നടക്കാന്‍ തുടങ്ങിയതോടെ വാഹനം തകര്‍ക്കുമോ എന്ന പേടിയില്‍ സെല്‍വകുമാര്‍ പടയപ്പയോട് ‘പിള്ളയാറപ്പാ ഒന്നും സെയ്യാതെ’ എന്ന് അപേക്ഷിക്കുകയായിരുന്നു. പടയപ്പ വാഹനത്തെ തൊട്ടുനോക്കിയതല്ലാതെ, ആക്രമിക്കുകയോ നാശനഷ്ടങ്ങളുണ്ടാക്കുകയോ ചെയ്തിട്ടില്ല. മണിക്കൂറൂകളോളം സ്ഥലത്ത് നിലയുറപ്പിച്ച ആന പിന്നീട് കാട്ടിലേക്കു മടങ്ങി. ഭക്ഷണം കിട്ടാതെ വരുമ്പോഴാണ് പടയപ്പ ജനവാസമേഖലകളിലേക്ക് ഇറങ്ങുന്നത്.