ചെന്നൈ: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത തമിഴ്‌നാട് വൈദ്യുതി മന്ത്രി സെന്തില്‍ ബാലാജിയുടെ കുടുംബം ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുമായി ഹൈക്കോടതിയില്‍. മദ്രാസ് ഹൈക്കോടതി ഇന്നുച്ചയ്ക്ക് ഹര്‍ജി പരിഗണിക്കും. ജസ്റ്റിസുമാരായ എം സുന്ദര്‍, ആര്‍ ശക്തിവേല്‍ എന്നിവരുടെ ബെഞ്ച് ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് ഹര്‍ജി പരിഗണിക്കുക. സെന്തില്‍ ബാലാജിയുടെ അറസ്റ്റ് നിയമ വിരുദ്ധമാണെന്നും നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നുമാണ് കുടുംബം ഹര്‍ജിയില്‍ ആരോപിക്കുന്നത്. ഇന്നു പുലര്‍ച്ചെയാണ് ഇഡി സെന്തില്‍ ബാലാജിയെ അറസ്റ്റ് ചെയ്തത്. ഇന്നലെ പകലും രാത്രിയും മുഴുവന്‍ നീണ്ട പരിശോധനയ്ക്ക് ഒടുവിലായിരുന്നു അറസ്റ്റ്. അറസ്റ്റിനു പിന്നാലെ നെഞ്ചു വേദന അനുഭവപ്പെട്ട സെന്തില്‍ ബാലാജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.