Latest News From Kannur

കേരളം അടക്കം എട്ടു സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം; കച്ചില്‍ റെഡ് അലര്‍ട്ട്; ബിപോര്‍ജോയ് ചുഴലിക്കാറ്റ് തീരത്തേക്ക്.

0

ന്യൂഡല്‍ഹി: ബിപോര്‍ജോയ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേരളം അടക്കം എട്ടു സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം. കേരളത്തിന് പുറമെ, തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ്, കേന്ദ്ര ഭരണപ്രദേശമായ ലക്ഷദ്വീപ് എന്നിവിടങ്ങളിലാണ് ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

ഗുജറാത്തില്‍ മറ്റന്നാള്‍ വരെ മത്സ്യബന്ധനം അടക്കമുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പാടില്ലെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. സൗരാഷ്ട്ര- കച്ച് മേഖലയില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പ്രദേശത്തെ ബീച്ചുകളും തുറമുഖങ്ങളുമെല്ലാം അടച്ചു. ഗുജറാത്ത്, മുംബൈ തീരങ്ങളില്‍ കടല്‍ ക്ഷോഭം രൂക്ഷമായിട്ടുണ്ട്. മോശം കാലാവസ്ഥയെത്തുടര്‍ന്ന് നോര്‍ത്ത് വെസ്റ്റേണ്‍ റെയില്‍വേ നിരവധി ട്രെയിനുകള്‍ റദ്ദാക്കി.  സൗരാഷ്ട്ര- കച്ച് മേഖലയില്‍ പലയിടത്തും ശക്തമായ കാറ്റും മഴയുമാണ്. ഗുജറാത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. നാളെ വൈകീട്ടോടെ ജഖൗ തീരത്ത് ബിപോര്‍ജോയ് ചുഴലിക്കാറ്റ് കര തൊടുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. കച്ച് – കറാച്ചി തീരത്തിന് മധ്യേ കരതൊടുന്ന ചുഴലിക്കാറ്റിന് 150 കിലോമീറ്റര്‍ വരെ വേഗതയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave A Reply

Your email address will not be published.