കണ്ണൂർ : ഒരുമിച്ച് , ഒരേ കാലഘട്ടത്തിൽ ജോലി ചെയ്തവർ, ഒരേ സംഘടനയിൽ അംഗങ്ങളായി ഒരുമിച്ച് പ്രവർത്തിച്ചവർ എന്ന നിലയിൽ സൗഹൃദ ബന്ധം നിലനിർത്തുന്ന ഒരു സംഘം അദ്ധ്യാപകരുടെ ഒരു വട്ടം കൂടിയുള്ളഒരുമിക്കലിന് ജൂൺ 28 ന് കണ്ണൂർ ജവഹർ ലൈബ്രറി ഹാൾ വേദിയാകുന്നു.2023 ജൂൺ 28 ബുധനാഴ്ച രാവിലെ 9.30 ന് കൂട്ടായ്മ ആരംഭിക്കും. ഗുരുസാഗരം , സുഹൃത് സംഗമം , അനുസ്മരണം , അനുമോദനം , കലാപരിപാടികൾ എന്നിങ്ങനെ സൗഹൃദ സംഗമം ഹൃദ്യവും ഊഷ്മളവുമാക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി വരികയാണെന്ന് സംഘാടകർ അറിയിച്ചു. സമീപകാലത്ത് അന്തരിച്ച സുഹൃത്തുക്കളുടെ അനുസ്മരണവും ഈ വർഷം സേവനത്തിൽ നിന്ന് വിരമിക്കുന്നവർക്കുള്ള ആദര സമർപ്പണവും കൂട്ടായ്മയിലെ മുഖ്യ പരിപാടികളാണ്. കുറച്ചുനേരം ഒന്നിച്ചിരുന്ന് കുശലം പറഞ്ഞും ഗതകാല സ്മരണകൾ അയവിറക്കിയും ഒരുമിച്ച് ഊണു കഴിച്ചും കൂട്ടായ്മ സജീവമാക്കിയ ശേഷമാവും കൂട്ടായ്മ അവസാനിക്കുക. പങ്കെടുക്കുന്നവർ കൃത്യസമയത്ത് തന്നെയെത്തിച്ചേർന്ന് പരിപാടിയുടെ ഭാഗമാകണമെന്ന് സംഘാടകർ അറിയിച്ചു