ചൊക്ലി : രാമവിലാസം ഹയർ സെക്കൻഡറി സ്കൂൾ മലബാർ കാൻസർ സെന്ററിന്റെ സഹകരണത്തോടെ രക്തദാന ദിനത്തിന്റെ ഭാഗമായി രക്തദാന ക്യാമ്പും രക്തദാന സേനാ രൂപീകരണവും നടത്തി. രക്ഷിതാക്കളെയും അധ്യാപകരെയും ഉൾക്കൊള്ളിച്ചുകൊണ്ട് സ്കൂൾ സയൻസ് ക്ലബ്ബാണ് പരിപാടി സംഘടിപ്പിച്ചത്. മാനവികതയുടെ മഹത്തായ സന്ദേശം ഉയർത്തിപ്പിടിച്ച് നടത്തിയ ഈ ജീവകാരുണ്യ പ്രവർത്തനം മനുഷ്യത്വം എന്ന വാക്കിനെ അർത്ഥസമ്പന്നമാക്കിയിരിക്കുകയാണ്. ഒരു സ്കൂൾ ഏറ്റെടുത്ത് നടത്തുന്ന നൂതന ആശയം എന്ന രീതിയിൽ ഈ പരിപാടി രക്ഷിതാക്കളുടെ മുന്നിൽ അവതരിപ്പിച്ചപ്പോൾ മികച്ച സ്വീകാര്യത ലഭിക്കുകയായിരുന്നു. 30 ഓളം പേർ രക്തദാനം ചെയ്തു. വിദ്യാർത്ഥികൾക്കും ഇത് പുതിയ ഒരു അനുഭവമായി. രക്തദാനത്തിന്റെ മഹത്വം മനസ്സിലാക്കാനും രക്തദാന ക്യാമ്പിൽ പങ്കെടുത്ത് നേരിട്ട് കണ്ടു മനസ്സിലാക്കുവാനും വിദ്യാർത്ഥികൾക്ക് സാധിച്ചു. ചടങ്ങ് പിടിഎ പ്രസിഡന്റ് കെ ടി കെ പ്രദീപന്റെ അധ്യക്ഷതയിൽ ഡോക്ടർ ഭാസ്കരൻ കാരായി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ മനോജ് കുമാർ, ഡോക്ടർ അഞ്ചു , പ്രിൻസിപ്പാൾ ശ്രീജ, ഹെഡ്മാസ്റ്റർ പ്രദീപ് കിനാത്തി, സ്മിത എൻ, ടി പി ഗിരീഷ് കുമാർ, രജീഷ്, അസിത, സായി സ്വരൂപ് എന്നിവർ സംസാരിച്ചു.