കൊല്ലം: മദ്യലഹരിയിൽ റെയിൽവേ ട്രാക്കിൽ കിടന്നുറങ്ങിയ യുവാവിനെ ട്രെയിൻ നിർത്തി രക്ഷിച്ചു. അച്ചൻകോവിൽ ചെമ്പനരുവി നിരവിൽ പുത്തൻവീട്ടിൽ റെജി(39) ആണ് ലോക്കോ പൈലറ്റിന്റെ ഇടപെടലിൽ രക്ഷപ്പെട്ടത്. കൊല്ലം-ചെങ്കോട്ട പാതയിൽ എഴുകോൺ റെയിൽവേ സ്റ്റേഷനു സമീപത്തെ ട്രാക്കിൽ കിടന്നാണ് യുവാവ് ഉറങ്ങിയത്. കൊല്ലത്തുനിന്നു പുനലൂരിലേക്കുള്ള മെമു, ചീരങ്കാവ് ഇ.എസ്.ഐ.ആശുപത്രിക്കു സമീപമെത്തിയപ്പോൾ യുവാവ് പാളത്തിന്റെ മധ്യത്തിൽ കിടന്നുറങ്ങുന്നത് ലോക്കോ പൈലറ്റ് കണ്ടത്. വേഗം കുറവായതിനാൽ ട്രെയിൻ നിർത്തി ലോക്കോ പൈലറ്റും യാത്രികരും ചേർന്ന് യുവാവിനെ പാളത്തിൽനിന്നു പിടിച്ചുമാറ്റി. സംഭവം അറിഞ്ഞ് എത്തിയ എഴുകോൺ പൊലീസിന് ഇയാളെ കൈമാറി. പൊലീസിന്റെ നിർദേശപ്രകാരം ബന്ധുക്കളെത്തി യുവാവിനെ കൂട്ടിക്കൊണ്ടുപോയി. യുവാവ് മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച ഉച്ചയ്ക്ക് മഴയോടൊപ്പം വീശിയടിച്ച കാറ്റിൽ പാളത്തിലേക്ക് മരങ്ങൾ ഒടിഞ്ഞുവീണതിനാൽ ഈ ഭാഗത്ത് തീവണ്ടികൾ വേഗം കുറച്ചുപോകാൻ നിർദേശമുണ്ടായിരുന്നു. ഇതാണ് യുവാവിന് രക്ഷയായത്.
Sign in
Sign in
Recover your password.
A password will be e-mailed to you.