സംസ്ഥാനങ്ങള്‍ക്ക് ഉഷ്ണതരംഗ മുന്നറിയിപ്പ്; താപനില 38 ഡിഗ്രിക്കും മുകളില്‍; ഝാര്‍ഖണ്ഡില്‍ സ്‌കൂളുകള്‍ക്ക് അവധി
ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഉഷ്ണതരംഗ മുന്നറിയിപ്പ്. ബിഹാര്‍, ഝാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഹരിയാന, ഒഡീഷ, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കാണ് മുന്നറിയിപ്പു നല്‍കിയിട്ടുള്ളത്. അടുത്ത അഞ്ചുദിവസം ഉഷ്ണതരംഗം തുടരുമെന്നാണ് അറിയിപ്പ്. തീരദേശ ആന്ധ്ര, വിദര്‍ഭ മേഖല, പശ്ചിമബംഗാളിന്റെ ഏതാനും മേഖലകള്‍ എന്നിവിടങ്ങളിലും ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ഝാര്‍ഖണ്ഡില്‍ താപനില 38 ഡിഗ്രി മുതല്‍ 44 ഡിഗ്രി വരെയാണ്. ഉഷ്ണ തരംഗ മുന്നറിയിപ്പിന്‍രെ പശ്ചാത്തലത്തില്‍ ഝാര്‍ഖണ്ഡില്‍ സ്‌കൂളുകള്‍ക്ക് ഈ മാസം 14 വരെ അവധി പ്രഖ്യാപിച്ചു. ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തില്‍ ബിഹാര്‍, ഝാര്‍ഖണ്ഡ്, ഒഡീഷ, പശ്ചിമബംഗാള്‍ മേഖലയില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തില്‍ ബിഹാറിലെ പട്‌നയില്‍ വിദ്യാലയങ്ങള്‍ക്ക് ഈ മാസം 18 വരെ ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചു. 12-ാം വരെയുള്ള ക്ലാസുകള്‍ക്കാണ് അവധി. അതിനിടെ ഗുജറാത്തിലെ തീരപ്രദേശത്ത് കാലാവസ്ഥ വകുപ്പ് ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. സൗരാഷ്ട്ര, കച്ച് മേഖലകളിലാണ് മുന്നറിയിപ്പ്. അറബിക്കടലില്‍ രൂപംകൊണ്ട ബിപാര്‍ജോയിയുടെ പശ്ചാത്തലത്തിലാണ് ജാഗ്രതാ നിര്‍ദേശം. ചുഴലിക്കാറ്റ് ഗുജറാത്തിലെ മാണ്ഡവി, പാകിസ്ഥാനിലെ കറാച്ചി എന്നിവിടങ്ങളില്‍ 15 ന് വീശിയടിക്കുമെന്നാണ് മുന്നറിയിപ്പ്.