Latest News From Kannur

കൂട്ടിയിട്ട മൃതദേഹങ്ങള്‍ക്കിടയില്‍നിന്ന് ഒരു കൈ അനങ്ങി, അത് അവനായിരുന്നു

0

കൊല്‍ക്കത്ത:      ”കൂട്ടിയിട്ട മൃതദേഹങ്ങള്‍ക്കിടയില്‍ അവനെ തെരയുകയായിരുന്നു ഞാന്‍. പെട്ടെന്നൊരു കൈ മൂകളിലേക്കുയര്‍ന്നു വീശി. ഓടിച്ചെന്നു നോക്കുമ്പോള്‍ അത് അവനായിരുന്നു, എന്റെ മകന്‍”- ഹെലാറാം മല്ലിക്കിന് ഇപ്പോഴും അതു വിശ്വസിക്കാനായിട്ടില്ല.  രാജ്യത്തെ കണ്ണീരിലാഴ്ത്തിയ തീവണ്ടിയപകടത്തില്‍ മകനെ നഷ്ടമായെന്നു തന്നെയായിരുന്നു മല്ലിക് കരുതിയത്. അവിശ്വസനീയമായ വിധത്തില്‍ വിശ്വജിത് മല്ലിക്കിന്റെ ജീവിതത്തിലേക്കു തിരികെയെത്തി.

‘സാന്‍ട്രഗാച്ചിയില്‍നിന്നും കൊറമാണ്ഡല്‍ എക്‌സ്പ്രസില്‍ കയറിയതായിരുന്നു അവര്‍, ചെന്നൈയിലേക്ക് ജോലി ആവശ്യത്തിനായിരുന്നു യാത്ര. 7.30ന് എന്നെ ഫോണില്‍ വിളിച്ച് ട്രെയിന്‍ അപകടത്തില്‍പെട്ടു എന്നറിയിച്ചു. ഇത്ര പറഞ്ഞപ്പോഴേക്കും അവന്റെ ശബ്ദം കേള്‍ക്കാതായി, മറ്റാരുടെയോ ഫോണില്‍ നിന്നാണ് അവന്‍ വിളിച്ചത്. മകന് ഗുരുതരമായ പരുക്കുകളുണ്ടെന്നും അബോധാവസ്ഥയിലായെന്നും അവരാണ് അറിയിച്ചത്.’       ബോധം വരുമ്പോള്‍ മൃതദേഹങ്ങള്‍ക്കു നടുവിലായിരുന്നു  അവന്‍. മരിച്ചെന്ന ധാരണയില്‍ രക്ഷാപ്രവര്‍ത്തകര്‍ അവിടെ കൊണ്ടുവന്നിട്ടതാണ്. മൃതദേഹങ്ങള്‍ക്കിടയില്‍ അവനെ തിരയുമ്പോഴാണ് കൈ വീശുന്നതു കണ്ടത്. അവന് അപ്പോള്‍ ബോധം വീണതേ ഉണ്ടായിരുന്നുള്ളൂ.-മല്ലിക് വിശദീകരിച്ചു.

”ജോലിക്കായി പോയ മകന്‍ രണ്ടു വര്‍ഷത്തിനു ശേഷമാണ് വീട്ടിലേക്കു വന്നത്. വെറും 15 ദിവസം നിന്നശേഷം മടങ്ങുമ്പോഴാണ് അപകടത്തില്‍പെട്ടത്. ഇനിയും ജോലിക്ക് പോകണോ വേണ്ടയോ എന്നതൊക്കെ അവന്റെ ഇഷ്ടം. പിതാവെന്ന നിലയില്‍ ഇനി പോകരുതെന്നാണ് എന്റെ അഭിപ്രായം- മല്ലിക് പറഞ്ഞു.

ട്രെയിന്‍ അപകടത്തിനു പിന്നാലെ മകനെ കണ്ടെത്താന്‍ 230 കിലോമീറ്റര്‍ യാത്ര ചെയ്താണ് മല്ലിക് ബാലസോറിലെത്തിയത്. സ്‌കൂളിലെ മുറിയില്‍ കണ്ടെത്തിയ വിശ്വജിത്തിനെ ഉടന്‍ ബാലസോര്‍ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് കൊല്‍ക്കത്തയിലെ എസ്എസ്‌കെഎം ആശുപത്രിയില്‍ എത്തിച്ചു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ വിശ്വജിത്തിനെ ഇതിനകം രണ്ടു തവണ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി

ADVERTISEMENT
Leave A Reply

Your email address will not be published.