മാഹി: പള്ളൂർ പ്രിയദർശിനി യുവകേന്ദ്രയുടെ 21ാം വാർഷികാഘോഷമായ ഫെസ്റ്റീവ് 2026 ഫിബ്രവരി 7 ന് ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് പള്ളൂർ വി.എൻ.പുരുഷോത്തമൻ ഗവ. ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടക്കും. ഫെസ്റ്റീവിൻ്റെ ഉദ്ഘാടനം പുതുച്ചേരി മുൻ അഭ്യന്തര മന്ത്രി ഇ.വത്സരാജ് നിർവ്വഹിക്കും. രമേശ് പറമ്പത്ത് എം.എൽ.എ മുഖ്യഭാഷണം നടത്തും. മാഹി റിജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി.മോഹൻ കുമാർ വിശിഷഠാതിഥിയായിരിക്കും. കലൈമാമണി ചാലക്കര പുരുഷു, സിനിമ, സീരിയൽ താരങ്ങൾ തുടങ്ങിയവർ ചടങ്ങിൽ എത്തിച്ചേരുമെന്ന് അഘോഷകമ്മിറ്റി ചെയർമാൻ സത്യൻ കോളോത്ത് വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ജീവകാരുണ്യ പ്രവർത്തകൻ ഹിഷാം ഹസ്സൻ, അദ്ധ്യാപക അവാർഡ് ജേതാവ് കെ.കെ.സ്നേഹ പ്രഭ ടീച്ചർ എന്നിവരെ ചടങ്ങിൽ വെച്ച് ആദരിക്കും. മയ്യഴി മേളം സ്കൂൾ കലോത്സവത്തിൽ കലാതിലകം കലാപ്രതിഭ പുരസ്ക്കാര ജേതാക്കൾക്കും ഏറ്റവും കൂടുതൽ പോയൻ്റ് നേടി ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ വിദ്യാലയങ്ങൾക്കും ഉപഹാരങ്ങൾ വിതരണം ചെയ്യും. മലയാളക്കരയിലെ കലാസ്വാദകരുടെ മനം കവർന്ന ബിഗ് ബോസ് വിന്നർ അനുമോൾ, പ്രശസ്ത സിനിമാ സീരിയൽ താരങ്ങളായ ഡയാന ഹമീദ്, ആതിര മാധവ് എന്നിവർ ചേർന്നൊരുക്കുന്ന ഡാൻസ് പെർഫോമൻസ്. റോക്ക് സ്റ്റാർ കൗഷിക്, ചലച്ചിത്ര പിന്നണി ഗായകനും സരിഗമപ വിന്നറുമായ ലിബിൻ സ്കറിയ എന്നിവർ ഒരുക്കുന്ന ലൈവ് മ്യൂസിക്കൽ നെറ്റ്. വയലിൻ മാന്ത്രികൻ ഗോകുൽകൃഷ്ണ ഒരുക്കുന്ന വയലിൽ, ചെണ്ട ഫ്യുഷൻ. സ്ട്രെയിഞ്ചേർസ് ഡാൻസ് ക്രൂ ഒരുക്കുന്ന ഡാൻസ് നൈറ്റ്. പ്രിയദർശിനി യുവകേന്ദ്രയുടെ യുവ കലാകാരന്മാർ ഒരുക്കുന്ന വിവിധ കലാപരിപാടികൾ എന്നിവ അരങ്ങേറുമെന്ന് വാർത്താ സമ്മേളനത്തിൽ സംഘാടകരായ ഉത്തമൻ തിട്ടയിൽ, കെ.വി.ഹരീന്ദ്രൻ, രാജൻ കെ പള്ളൂർ, സദേഷ്.ടി, ശിവൻ തിരുവങ്ങാടൻ, അലി അക്ബർ ഹാഷിം, പി.കെ.ശ്രീധരൻ മാസ്റ്റർ,
സന്ദീപ്.കെ.വി എന്നിവർ അറിയിച്ചു