‘സ്ത്രീകളെ ആക്രമിക്കുന്നവര്‍ക്ക് സംരക്ഷണം നല്‍കരുത്’; ആഭ്യന്തര പരാതി പരിഹാര സെല്‍ വേണ്ടെന്ന ‘അമ്മ’യുടെ വാദം തള്ളി വനിതാ കമ്മീഷന്‍
കൊച്ചി: താരസംഘടനയായ അമ്മയ്‌ക്കെതിരെ വനിതാ കമ്മീഷന്‍. തൊഴില്‍ ദാതാക്കള്‍ അല്ലാത്തതിനാല്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ വേണ്ടെന്ന അമ്മയുടെ വാദം വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി തള്ളി. അമ്മയുള്‍പ്പെടെയുള്ള സംഘടനകള്‍ക്കകത്ത് അവര്‍ പ്രതിനിധാനം ചെയ്യുന്ന സ്ത്രീകള്‍ക്കുള്ള പരാതികള്‍ പരിഹാരിക്കാനുള്ള സംവിധാനം വേണമെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുള്ളത്.
സ്വാഭാവികമായിട്ടും ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം അതനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അമ്മ ഉള്‍പ്പെടെ കക്ഷികളായിട്ടുള്ള എല്ലാ സംഘടനകളും ബാധ്യസ്ഥരാണ്. ഒരു മേഖലയിലും സ്തീകളെ അധിക്ഷേപിക്കുകയോ, സ്ത്രീകളോട് മോശമായി പെരുമാറുകയോ ചെയ്യുന്ന ആളുകള്‍ക്ക് ഒരു തരത്തിലുള്ള സംരക്ഷണവും ഒരു സംഘടനയും നല്‍കരുത്. എല്ലാ മേഖലയിലും സ്ത്രീകള്‍ക്ക് മാന്യമായി അന്തസ്സോടെ ജോലി ചെയ്യുന്നതിനുള്ള സംവിധാനം ഉറപ്പുവരുത്താന്‍ എല്ലാ തലങ്ങളിലുമുള്ള ആളുകള്‍ പ്രവര്‍ത്തിക്കണം എന്നതാണ് വനിതാ കമ്മീഷന്റെ നിലപാട്.
സിനിമാ മേഖലയിലെ മുഴുവന്‍ സ്ത്രീകളെയും സുരക്ഷിതരാക്കുമെന്നും സതീദേവി പറഞ്ഞു. സിനിമാമേഖലയിലെ സ്ത്രീസുരക്ഷയ്ക്ക് ആഭ്യന്തര പരാതി പരിഹാര സെല്‍ വേണമെന്ന് ആവശ്യപ്പെട്ട് സിനിമാമേഖലയിലെ വനിതാ കൂട്ടായ്മയായ ഡബ്യുസിസി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജിയെ വനിതാ കമ്മീഷന്‍ പിന്തുണച്ചിരുന്നു. ഈ കേസില്‍ അമ്മ അടക്കം കക്ഷി ചേര്‍ന്നിരുന്നു. അതുകൊണ്ട് ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് ഐസിസി രൂപീകരിച്ചത്. അത് അമ്മ ഉള്‍പ്പെടെ എല്ലാ സംഘടനകള്‍ക്കും ബാധകമാണെന്നും സതീദേവി വ്യക്തമാക്കി.
‘അമ്മ’ തൊഴില്‍ ദാതാവല്ല. ദിലീപ് വിഷയത്തിന് ശേഷം ബൈലോയില്‍ ഭേദഗതി വരുത്തി. അതുകൊണ്ടു തന്നെ അമ്മയ്ക്ക് ഇനി ആഭ്യന്തര പരാതി പരിഹാര സമിതി വേണ്ട. പകരം സിനിമയ്ക്ക് മുഴുവനായി ഫിലിം ചേംബറിന് കീഴില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ മതിയെന്നുമായിരുന്നു അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു വ്യക്തമാക്കിയത്. അമ്മ ഒരു ക്ലബ്ബാണ്. യുവനടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ വിജയ് ബാബു മറ്റ് പല ക്ലബ്ബുകളിലും അംഗമാണ്. അവരാരും അയാളെ പുറത്താക്കിയിട്ടില്ലല്ലോ എന്നും ഇടവേള ബാബു ചോദിച്ചു.